സംഘപരിവാര ഫാഷിസ്റ്റുകളെ തുറന്നു കാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമ: എന്‍ കെ പ്രേമചന്ദ്രന്‍ എംപിദമ്മാം: ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലതാഴ്‌ത്തേണ്ടി വന്ന കഠ്‌വ-ഉന്ന സംഭവങ്ങള്‍ കേവലം ലൈംഗിക വൈകൃതമായി ലഘൂകരിക്കാതെ അവയ്ക്ക് പിന്നിലെ സംഘടിത ഫാഷിസ്റ്റ് താല്‍പര്യം പൊതുജനത്തിന് മുന്നില്‍ തുറന്നു കാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. അല്‍ ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ഒഐസിസി നാഷനല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മത വിഭാഗീയ ധ്രുവീകരണം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുകയും രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുകയുമാണ് സംഘപരിവാര്‍ ശക്തികള്‍. ഏത് ഛിദ്രശക്തികള്‍ ഗൂഢതന്ത്രം മെനഞ്ഞാലും ഇന്ത്യയുടെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന സാംസ്‌കാരിക ബഹുസ്വരതയും സഹിഷ്ണുതയും നിലനില്‍ക്കുന്നിടത്തോളം നമ്മുടെ രാജ്യത്തിന്റെ യശസ്സ് ലോകത്തിനുമുന്നില്‍ കാലാതീതമായി നിലനില്‍ക്കും. ഫാഷിസത്തിന് അര്‍ധം, പൂര്‍ണം എന്നിങ്ങനെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടോയെന്ന് ചര്‍ച്ച ചെയ്യുന്നതിനു പകരം രാജ്യത്താകമാനം നിലനില്‍ക്കുന്ന ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടണം. അങ്ങനെയുള്ള സംഘടിത ശക്തികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് നൂറുമേനി വിജയം കൊയ്‌തെടുത്ത സമകാലിക രാഷ്ട്രീയ ചരിത്രം ഇനിയും ആവര്‍ത്തിക്കും. 2019ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ആ കൂട്ടായ്മക്ക് നായകനാകാന്‍ രാഹുല്‍ ഗാന്ധി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പ്രസിഡന്റ് പി എം നജീബ് സ്വാഗതം പറഞ്ഞു.

RELATED STORIES

Share it
Top