സംഘപരിവാര പൈശാചികതയ്‌ക്കെതിരേ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരുമിക്കുക: യഹിയ കോയതങ്ങള്‍

പാവറട്ടി: രാജ്യത്ത് ശക്തിയാര്‍ജ്ജിച്ച സംഘ് പരിവാര പൈശാചികതക്കെതിരേ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യഹ്‌യ  കോയ തങ്ങള്‍ പറഞ്ഞു. എസ്ഡിപിഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകര്‍ത്ത് ഹിന്ദുത്വ ദേശീയത ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും സംഘ്പരിവാര്‍ വരുതിയിലാക്കി കഴിഞ്ഞു. ജുഡീഷ്യറിയേ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളുടെ ബാക്കിപത്രമാണ് സുപ്രീംകോടതിയില്‍ നിന്നുയരുന്ന അപശബ്ദങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഭരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഫാഷിസ്റ്റ് സംവിധാനത്തെ പ്രതിരോധിക്കാന്‍ പൊതുസമൂഹം കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നും യഹിയ കോയ തങ്ങള്‍ പറഞ്ഞു. ജനാധിപത്യ വാദികള്‍ വിഘടിച്ചു നില്‍ക്കരുതെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സംഘപരിവാറിനെതിരേ അണിനിരക്കണമെന്നാണ് എസ്ഡിപിഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ കൂടുതല്‍ മികവ് തെളിയിച്ച പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ്  അവാര്‍ഡും ഉപഹാരവും നല്‍കി. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവരെ അനുമോദിച്ചു.
യോഗത്തില്‍  പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ഹബീബ് പോക്കാക്കില്ലത്ത് അധ്യക്ഷതവഹിച്ചു.  മണ്ഡലം പ്രസിഡന്റ് ആര്‍ വി ഷഫീര്‍, മണ്ഡലം കൗണ്‍സിലര്‍ കെ വി സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കീം വി എം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി റഷീദ്, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി കെ എച്ച് ഹാരിസ്, പഞ്ചായത്ത് ട്രഷറര്‍ എ എം സിയാദ്, മരുതയൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഹിലാല്‍ പോവില്‍ സംസാരിച്ചു.

RELATED STORIES

Share it
Top