സംഘപരിവാരത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ രാജ്യദ്രോഹം തുടരും: അജ്മല്‍ ഇസ്മാഈല്‍

കോഴിക്കോട്: രാജ്യത്തിന്റെ സകലവെളിച്ചവും ഊതിക്കെടുത്തുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നു എന്നതാണ് എസ്ഡിപിഐക്കെതിരേ ഭരണകൂടം കാണുന്ന കുറ്റമെങ്കില്‍, ആ കുറ്റം തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. പൈശാചികതയാണ് ആര്‍എസ്എസ് ബിജെപി, ഭീകരതക്കെതിരേ തെരുവിലിറങ്ങുക എന്ന പേരില്‍ കഠ്‌വ സംഭത്തില്‍ പ്രതിഷേധിച്ചു നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനും ബിജെപിക്കുമെതിരേ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ് പിണറായി സര്‍ക്കാര്‍. കഠ്‌വ സംഭവത്തിലെ പെണ്‍കുട്ടിയെ കശക്കി എറിഞ്ഞവര്‍ക്ക് അനുകൂല നിലപാടെടുത്ത ഡല്‍ഹിയിലെ മോദിയല്ല, കേരളത്തിലെ മുണ്ടുടുത്ത മോദിയാണ് സംഘപരിവാര വിമര്‍ശകര്‍ക്കെതിരേ ഭീകര വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി പീഡനത്തിനിരയായ കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരേ പോക്‌സോ ചുമത്തിക്കൊണ്ടിരിക്കുന്നു. ഇതേ സമയം, കുട്ടിയുടെ ഫോട്ടോയും പേരും പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് ്്്‌പോസ്റ്റിനെതിരേ നടപടിയില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതു നന്നായി അല്ലെങ്കില്‍ മനുഷ്യ ബോംബായി നമുക്കെതിരേ വരുമായിരുന്നു എന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസ് നേതാവിന്റെ മകനെതിരെയും നടപടിയില്ല.
കുട്ടിയുടെ പേര് അസ്വസ്ഥമാക്കുന്നത് ഇന്ത്യയിലെ ആര്‍എസ്എസ് ബിജെപി നേതൃത്വത്തിനാണ്. ഇതേ നിലപാട് കേരളത്തിലും സ്വീകരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്ത്യയിലെ സംഘപരിവാര ഫാഷിസത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകങ്ങളിലെ ആദ്യ പേരുകാരിയായി ചരിത്രം രേഖപ്പെടുത്തും. ഈ പേര് ഇന്ത്യയുടെ തെരുവോരങ്ങളില്‍ അഗ്നിനാളമായി സംഘപരിവാരത്തിനു നേരെ വരും ദിവസങ്ങളില്‍ പതിച്ചുകൊണ്ടിരിക്കും. ആര്‍എസ്എസ് ബിജെപി ഫാഷിസത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ കരിനിയമങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കമെങ്കില്‍, ആ നീക്കത്തെ ഭരണഘടനാ അവകാശങ്ങള്‍ മുന്‍നിര്‍ത്തി നേരിടുകതന്നെ ചെയ്യുമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, ജില്ലാ സെക്രട്ടറി സലീം കാരാടി സംസാരിച്ചു.

RELATED STORIES

Share it
Top