സംഘപരിവാരത്തിനു മുന്നില്‍ മുട്ടുമടക്കി ദേവസ്വം ഭരണസമിതി

കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി, സംഘപരിവാര സംഘടനകളുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന പ്രസാദ ഊട്ടില്‍ വിവിധ മതസ്ഥര്‍ക്ക് പങ്കെടുക്കാമെന്നു കഴിഞ്ഞ ഭരണസമിതിയെടുത്ത തീരുമാനമാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യനെ കരുവാക്കി പിന്‍വലിച്ചത്.
വിവിധ മതസ്ഥര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന പ്രസാദ ഊട്ടില്‍ പങ്കെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസ് ഉപരോധിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഒരു ചര്‍ച്ചയ്‌ക്കോ പുനപ്പരിശോധനയ്‌ക്കോ വിധേയമാക്കാതെ എടുത്ത തീരുമാനം മാറ്റി പഴയത് പുനസ്ഥാപിച്ചതോടെ, സംഘപരിവാര സംഘടനകളോട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി മൃതുസമീപനം സ്വീകരിക്കുന്നതായി മതേതര വിശ്വാസികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, എല്ലാ മതസ്ഥര്‍ക്കും പ്രസാദ ഊട്ടില്‍ പങ്കെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനത്തില്‍ ഒരു ഭക്തനും പ്രതിഷേധമുന്നയിക്കാത്ത സാഹചര്യത്തിലും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കുകയായിരുന്നു.
അടുത്തദിവസം നടക്കുന്ന ദേവപ്രശ്‌നത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി ദേവഹിതമനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ തീരുമാനമായത്. ഇതോടെ, മതേതര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഭരണസമിതിയുടെ പൊയ്മുഖമാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെ തീരുമാനത്തോടെ തകര്‍ന്നുവീണത്.
ഈ ഭരണസമിതിയുടെ ഇനിയുള്ള ഭരണകാലയളവില്‍ ഒരു വികസനവും ഗുരുവായൂര്‍ ദേവസ്വത്തില്‍ നടക്കാനിടയില്ലെന്ന് ഇന്നലെയെടുത്ത ഭരണസമിതി യോഗത്തോടെ വ്യക്തമാവുകയും ചെയ്തു. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top