സംഘപരിവാരം ഉയര്‍ത്തുന്ന അപകടം ലീഗ് മനസ്സിലാക്കുന്നില്ല

തിരുവനന്തപുരം: വിശ്വാസങ്ങളെ ഭരണഘടനയ്ക്കു മീതെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സംഘപരിവാര ശ്രമങ്ങളെ ശരിക്കും മനസ്സിലാക്കാതെയാണ് ലീഗ് ശബരിമല പ്രക്ഷോഭത്തെ പരസ്യമായി പിന്തുണയ്ക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക്.
ഇത്തരത്തില്‍ വിശ്വാസത്തെ കോടതിക്കു മുകളില്‍ കൊണ്ടുവച്ചാണ് ബാബരി മസ്ജിദ് തകര്‍ത്തുകളഞ്ഞത്. ആ അനുഭവം മറക്കാനുള്ള കാലമൊന്നും ആയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ യുക്തിയുടെ തുടര്‍ച്ചയാണ് ബിജെപി ശബരിമലയില്‍ പ്രയോഗിക്കുന്നത്. ഇതൊന്നും മനസ്സിലാവാതെ ശബരിമലയെ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വടിയായി കരുതുന്ന മുസ്‌ലിംലീഗിന് കാലം മാപ്പ് നല്‍കില്ല. ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്‌ലിംലീഗ് നേതൃത്വം. ബാബരി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാരത്തിന്റെ കരിമ്പട്ടികയിലുണ്ടെന്നു ലീഗ് ഓര്‍ക്കണം. ഭരണഘടന ചുട്ടുകളയണമെന്നാണ് സമരനേതാക്കളുടെ പരസ്യമായ ആഹ്വാനം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും സങ്കല്‍പ്പങ്ങളുമാണ് സംഘപരിവാരത്തിന്റെ കണ്ണിലെ യഥാര്‍ഥ കരട്. അങ്ങനെയൊരു കാലം ഉണ്ടായാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ അവസ്ഥയെന്തെന്ന് ഉറക്കെ ചിന്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്‌ലിംലീഗ് നേതൃത്വമെന്നും അദ്ദേഹം പോസ്റ്റില്‍ ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top