സംഘടനയില്‍ നിന്നു പോയവര്‍ ക്ഷമ പറഞ്ഞ് തിരിച്ച് വരട്ടെ: കെപിഎസി ലളിത

കൊച്ചി: അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചു പോയവര്‍ രാജി വെച്ചു പോയവര്‍ തന്നെയാണെന്നും അവര്‍ക്ക് തിരിച്ച് സംഘടനയിലേക്ക് വരണമെങ്കില്‍ അപേക്ഷ നല്‍കണമെന്നും നടി കെപിഎസി ലളിത. ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ല. സംഘടനയില്‍ നിന്നും പോയവര്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് തിരിച്ചു വന്ന് ക്ഷമ പറയട്ടെയെന്ന് സിദ്ദീഖിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെപിഎസി ലളിത പറഞ്ഞു.
നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നാണ് അമ്മയിലെ അംഗങ്ങളായ മുന്നു നടിമാരുടെ പ്രധാന ആവശ്യമെന്ന് സിദ്ദീഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ ആ പുറത്താക്കല്‍ തീരുമാനം മരവിപ്പിക്കണമെന്ന് സംഘടനയുടെ ജനറല്‍ ബോഡിയാണ് തീരുമാനിച്ചത്. എന്നാല്‍ ആ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും ദിലീപിനെ പുറത്താക്കണമെന്നുമാണ് ഈ മൂന്നു നടിമാര്‍ രേഖാമൂലം സംഘടനയോട്് ആവശ്യപ്പെട്ടത്. ജനറല്‍ ബോഡിയുടെ തീരുമാനത്തെ മറികടക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് സാധിക്കില്ലെന്ന വിവരം അവരെ അറിയിച്ചതാണ്. തന്റെ പേരില്‍ കോലാഹലം വേണ്ടന്നും താന്‍ രാജിവെയക്കുകയാണെന്നും ചൂണ്ടികാട്ടി ദിലീപ് ഈ മാസം 10ന് പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ആ രാജി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതിനു ശേഷം മാത്രമെ ഒദ്യോഗികമായി പുറത്തുവിടുകയുള്ളു. ദിലീപ് രാജിവെച്ച വാര്‍ത്ത പുറത്തുവരുമെന്ന് ഭയന്നിട്ടാണോ ഈ നടിമാര്‍ ഇപ്പോള്‍ അതിനു മുമ്പേ പെട്ടന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് കോലാഹലമുണ്ടാക്കിയതെന്ന് സംശയിക്കുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ധ രാത്രിയില്‍ 17 വയസുള്ള പെണ്‍കുട്ടി രക്ഷിക്കണമെന്നു പറഞ്ഞു തന്റെ മുറിയുടെ വാതില്‍ക്കല്‍ മുട്ടിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടയില്‍ നടി പറഞ്ഞു. എവിടെ വെച്ച് ഏതു ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സംഭവമുണ്ടായെന്ന് പറയാന്‍ അവര്‍ തയാറാവണം. ആരെയാണ് അവര്‍ പേടിക്കുന്നത്. അമ്മയുടെ ഒരു ജനറല്‍ ബോഡിയിലും പങ്കെടുത്തിട്ടില്ലാത്ത നടിയാണ് ഇവര്‍. ഫേസ്ബുക്ക് പേജില്‍ വലിയ ആക്ഷേപമാണ് തങ്ങള്‍ നേരിടുന്നതെന്ന് ഡബ്ല്യുസിസിയുടെ പേജ് കൈകാര്യം ചെയ്യുന്ന വ്യക്തി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനവികാരമാണ് അത്. അത് ഇവര്‍ തിരിച്ചറിയണം.
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി പറഞ്ഞ ഒരു പേരുകാരനാണ് ദിലീപ്. നാളെ അവന്‍ മറ്റാരുടെയെങ്കിലും പേരു പറഞ്ഞാല്‍ അവരും കുറ്റാരോപിതനാകുമോ. ആക്രമിക്കപ്പെട്ട നടിയെ അമ്മയില്‍ നിന്നും രാജിവെയ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറ്റെന്തോ അജണ്ടയുണ്ട്. അമ്മ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. മഞ്ജു വാര്യരെ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഡബ്ല്യുസിസി എന്ന സംഘടന തുടങ്ങിയത്. എന്നാല്‍ മഞ്ജു വാര്യര്‍ എന്തുകൊണ്ടാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സിദ്ധീഖ് ചോദിച്ചു.

RELATED STORIES

Share it
Top