ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ നടപടി ഉറപ്പായി; പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം തുടങ്ങി: സിപിഎം

തിരുവനന്തപുരം: സിപിഎം കേന്ദ്രനേതൃത്വത്തെ പോലും വെട്ടിലാക്കിയ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ നടപടി ഉറപ്പായി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശശിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ശശിക്കെതിരേ നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ശക്തമായതോടെയാണ് എംഎല്‍എക്കെതിരായ നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായത്.
എന്നാല്‍, ശശിക്കെതിരേ പെണ്‍കുട്ടിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടതായി സിപിഎം അവകാശപ്പെട്ടു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ എംഎല്‍എക്കെതിരേ നടപടിയെടുക്കാനാണ് സെക്രട്ടേറിയറ്റിലെ തീരുമാനം. ആരോപണവിധേയരെ പൂമാലയിട്ട് സ്വീകരിക്കുന്ന രീതി പാര്‍ട്ടിയിലില്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ആഗസ്ത് 14നാണ് പെണ്‍കുട്ടി പി കെ ശശിക്കെതിരേ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടുവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി കെ ശശിയെ തിരുവനന്തപുരം എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ആഗസ്ത് 31ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലനെയും പി കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. അന്വേഷണ റിപോര്‍ട്ട് ലഭിച്ചയുടന്‍ ഉചിതമായ നടപടി കൈക്കൊള്ളും. കേന്ദ്രകമ്മിറ്റി ഇടപെട്ടതിനുശേഷമാണ് സംസ്ഥാന ഘടകം വിഷയം പരിഗണിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും മാതൃകാപരമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിനിടെ, പരാതി നല്‍കിയ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി പറഞ്ഞു.
അതേസമയം, ശശിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ശശിക്കെതിരേ നടക്കുന്ന അന്വേഷണത്തില്‍ കേന്ദ്രനേതൃത്വം മേല്‍നോട്ടം വഹിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top