ഷൊര്‍ണര്‍- മംഗളുരു പാത : പുതിയ സംവിധാനത്തില്‍ ഓടണമെങ്കില്‍ കടമ്പകളേറെകോഴിക്കോട്: ഷൊര്‍ണര്‍ മംഗളുരു പാതയിലെ വൈദ്യൂതീകരണ ജോലികള്‍ പൂര്‍ത്തിയായെങ്കിലും പുതിയ സംവിധാനത്തില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും പ്രാവര്‍ത്തികമാക്കണമെങ്കില്‍ കടമ്പകളേറെയാണ്. കൊച്ചിയിലെ മെട്രോ ട്രെയിന്‍ സംസ്ഥാനത്തിന് തന്നെ അഭിമാനമാവുമ്പോള്‍ ഷൊര്‍ണര്‍ മംഗളുരു പാതയിലെ ട്രെയിന്‍ സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടിവരും. കൊങ്കണ്‍ റെയില്‍വേ വൈദ്യുതീകരണവും തിരൂര്‍ മംഗലാപുരം എന്നിവിടങ്ങളിലെ സബ്‌സ്റ്റേഷനുകളുടെ പ്രവൃത്തിയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.നിലവില്‍ തെക്ക് നിന്നും വൈദ്യുത എന്‍ജിനില്‍ വരുന്ന ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ വച്ച് ഡീസല്‍ ലോക്കോയിലേക്ക് മാറിയാണ് സര്‍വീസ് നടത്തുന്നത്. തടസ്സങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ സംസ്ഥാനത്തോടുന്ന ട്രെയിനുകള്‍ക്ക് ഇടക്ക് വച്ച് എന്‍ജിന്‍ മാറ്റാതെ തന്നെ സര്‍വീസ് പൂര്‍ത്തിയാക്കാം എന്നതാണ് സവിശേഷത. തിരുവനന്തപുരത്ത് നിന്നും മംഗളുരു വരെയുള്ള 634 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി എന്‍ജിന്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ റെയില്‍വേക്ക് ആകും. ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ പിടിച്ചിടുന്നത് ഒഴിവാകും. ഒപ്പം പ്രവര്‍ത്തന ചിലവ് കുറയുകയും ചെയ്യും. പുതിയ എന്‍ജിന്‍ ഉപയോഗിക്കാന്‍ കോഴിക്കോട് മംഗളുരു ഡിപ്പോയിലെ ലോക്കോ പൈലറ്റുമാര്‍ക്ക് പരീശീലനവും നല്‍കി കഴിഞ്ഞിട്ടുണ്ട്.  നേരത്തെ ഷൊര്‍ണൂര്‍ വരെ വൈദ്യതി ലോക്കോയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ തുടര്‍ന്ന് ഡീസല്‍ എന്‍ജന്‍ ഘടിപ്പിച്ചാണ് ഓടിയിരുന്നത്. പഴയ പാളങ്ങളായതിനാല്‍ വേഗനിയന്ത്രണം ഉള്ളതിനാല്‍ പുതിയ സംവിധാനത്തിലേക്ക് മാറുമ്പോഴും ട്രെയിനുകളുടെ വേഗം കൂടുമെന്ന പ്രതീക്ഷയില്ല. നിലവില്‍ നേത്രാവദി, ഷിറിയ, കുമ്പള, കാര്യങ്കോട് പാലങ്ങളിലെല്ലാം വേഗ നിയന്ത്രണമുണ്ട്. മണിക്കൂറില്‍ നാല്‍പത് കീലോമീറ്ററാണ് പാലങ്ങളിലെ പരമാവധി വേഗത.

RELATED STORIES

Share it
Top