ഷെറിന്‍ മാത്യൂസിന്റെ മരണം: വെസ്‌ലി മാത്യൂസിനെതിരേ കൊലക്കുറ്റം ചുമത്തി

ഹൂസ്റ്റണ്‍: യുഎസിലെ ഡാലസില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്‌ലിയുടെ ഭാര്യ സിനിക്കെതിരേ കുട്ടിയെ ഉപേക്ഷിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വെസ്‌ലിക്കും ഭാര്യക്കും എതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറി ശരിവയ്ക്കുകയായിരുന്നു. വെസ്‌ലിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ചു പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
ഷെറിനെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനുമാണ് സിനി മാത്യൂസിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടു മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ സിനിക്കു ലഭിച്ചേക്കാം.
ഷെറിന്റെ മരണം സംഭവിച്ചതെങ്ങനെയെന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എന്താണുണ്ടായതെന്നു തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
2017 ഒക്ടോബര്‍ 7നാണ് വീട്ടില്‍ നിന്ന് ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി ഷെറിനെ വീടിനു വെളിയില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം നോക്കുമ്പോള്‍ അവളെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കു ശേഷം ഷെറിന്റെ മൃതദേഹം വീടിന് സമീപത്തെ കലുങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top