ഷുഹൈബ് വധം: എട്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ 8 പേര്‍ കസ്റ്റഡിയില്‍. ഇന്ന് രാവിലെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. ആറ് പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ പോലിസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.  അതേസമയം പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്.
ഇന്നലെ കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അറസ്റ്റിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും തുടരും.ഇന്നലെ വൈകീട്ട് പ്രതികള്‍ക്കായി പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തി. ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നാലു സിഐമാരും 30 എസ്‌ഐമാരും ഉള്‍പ്പെടെ ഇരുനൂറോളം പോലിസുകാര്‍ പങ്കെടുത്തു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴി മലയിലും തില്ലങ്കേരിയിലെ മച്ചൂര്‍ മലയിലും പരിശോധനയുണ്ടായി. ഈ റെയ്ഡിനിടെയാണ് സംശയാസ്പദമായി കണ്ട മട്ടന്നൂരിലും പരിസത്തുമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ഇവരെ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുകയാണ്. ഇതില്‍ നിന്നാണ് നാലു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. എന്നാല്‍, ഇവര്‍ എവിടെയാണ് ഉള്ളതെന്നതു സംബന്ധിച്ച വിവരം കിട്ടിയിട്ടില്ല. അതിനിടെ, പ്രതികളുടെ ദൃശ്യം മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞതായി പോലിസ് കണ്ടെത്തി. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതില്‍ ഉണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്.
ശുഹൈബ് കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും സാധ്യതകള്‍ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതില്‍ പോലിസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ശുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പോലിസ് അന്വേഷണം ശക്തമാക്കിയത്. അതിനിടെ, ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി ഇന്നലെ മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ ഉപവാസ സമരം നടത്തി.

RELATED STORIES

Share it
Top