ഷുക്കൂര്‍ വധക്കേസ്: സിപിഎമ്മിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ച് സുപ്രിംകോടതി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ച് സുപ്രിംകോടതി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഡിവൈഎഫ്‌ഐ നേതാവും കല്യാശ്ശേരി എംഎല്‍എയുമായ ടി വി രാജേഷും ഉള്‍പ്പെട്ട കേസില്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സിബിഐക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ സപ്തംബറില്‍ അന്തിമ വാദം കേള്‍ക്കാനും ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യംചെയ്ത് സിപിഎം നേതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
ഇതോടെ, അന്വേഷണം നടത്തുന്ന കേസില്‍ നിന്ന് സിബിഐയെ ഒഴിവാക്കാനുള്ള സിപിഎം തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റത്. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു കാണിച്ചുള്ള ഹരജി സുപ്രിംകോടതി തീര്‍പ്പുകല്‍പിക്കാതെ മാറ്റിവച്ചെങ്കിലും അന്വേഷണഗതിയെ ബാധിക്കുന്ന ഉത്തരവ് ഇനിയുണ്ടാവില്ലെന്നു തന്നെയാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹരജി തള്ളുന്നതോടെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ തന്നെ ഷുക്കൂര്‍ കേസ് മുന്നോട്ടുപോവും. സിപിഎം ഏറെ ഭയപ്പെടുന്നതും അതുതന്നെയാണ്.
2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന അരിയില്‍ ഷുക്കൂറിനെ കീഴറ വള്ളുവന്‍ കടവില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനം ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം ബന്ദിയാക്കിയ ശേഷം പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശാനുസരണമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലിസ് കണ്ടെത്തല്‍. പാര്‍ട്ടി കോടതി എന്ന പേരിലുള്ള പോലിസ് പ്രയോഗം സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. മാത്രമല്ല, ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ പ്രതിയായ കേസില്‍ ഏറെ വിയര്‍ക്കുകയും ചെയ്തു. നേതാക്കള്‍ പ്രതിസ്ഥാനത്തുള്ളതിനാല്‍ എന്തു വിലകൊടുത്തും കേസിനെ നേരിടാനുറച്ച സിപിഎം, ലീഗ് പ്രവര്‍ത്തകരായ സാക്ഷികള്‍പ്പോലും മൊഴിമാറ്റിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തിരുവനന്തപുരം സിബിഐ അഡീഷനല്‍ സൂപ്രണ്ട് വൈ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന പോലിസിന്റെ അന്വേഷണത്തിലൂടെ നീതി ലഭിക്കില്ലെന്ന് കാട്ടി ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം സാധ്യമായത്. കേസ് ഏറ്റെടുത്ത സിബിഐ സംഘം 2016 ജൂണില്‍ ഷുക്കൂറിന്റെ വീട്ടിലെത്തി പരാതിക്കാരിയായ ആത്തിക്കയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിനുശേഷവും സിപിഎം സുപ്രിംകോടതിയില്‍ തടസ്സവാദവുമായെത്തിയെങ്കിലും തിരിച്ചടിയാണുണ്ടായത്.

RELATED STORIES

Share it
Top