ഷീ ബോക്‌സിലെ പരാതികളില്‍ കേരളം മുന്നില്‍

ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സംവിധാനമായ ഷീ ബോക്‌സിലെ പരാതികളില്‍ കേരളം മുന്നില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ ലഭിച്ചത് 78 പരാതികള്‍. ഇതില്‍ 34 എണ്ണം വിവിധ മന്ത്രാലയങ്ങളില്‍ നിന്നും 19 എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 25 എണ്ണവുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പരാതി ലഭിച്ച സംസ്ഥാനങ്ങളുടെ കണക്കില്‍ മുന്‍പന്തിയിലുള്ളത് കേരളമാണ്. നാലെണ്ണമാണ് സംസ്ഥാനത്ത് നിന്നു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ബിഹാറില്‍ നിന്ന് മൂന്നും തെലങ്കാന- 2, യുപി, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പരാതിയും ഷീ ബോക്‌സില്‍ ലഭിച്ചിട്ടുണ്ട്. മന്ത്രാലയങ്ങള്‍ തിരിച്ചുള്ള കണക്കില്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്നാണ് കൂടുതല്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എട്ടു പരാതികള്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്നു ലഭിച്ചപ്പോള്‍ വ്യാപാര-വ്യവസായ മന്ത്രാലയത്തില്‍ നിന്നു നാലും കാര്‍ഷികം, പ്രതിരോധം, ധനകാര്യം, റെയില്‍വേ മന്ത്രാലങ്ങളില്‍ നിന്നു മൂന്നു വീതം പരാതികളും ആരോഗ്യ, മാനവവിഭവശേഷി, ഗ്രാമവികസന മന്ത്രാലയങ്ങളില്‍ നിന്നു രണ്ടുവീതം പരാതികളും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഒരു പരാതിയും പോര്‍ട്ടല്‍ ആരംഭിച്ച് ഏഴുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഭിച്ച പരാതികളില്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഷീ ബോക്‌സ് സംവിധാനം നിലവില്‍ വന്നത്.

RELATED STORIES

Share it
Top