ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി നീട്ടി

മുംബൈ: ഷീനാ ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമരംഗത്തെ പ്രമുഖനും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 28വരെ നീട്ടി. മുഖര്‍ജിയുടെ 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരിക്കെയാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആര്‍ പി അഡോണ്‍ കാലാവധി നീട്ടി ഉത്തരവിട്ടത്.അതേസമയം, ഒരു മുതിര്‍ന്ന പൗരന്‍ എന്ന നിലയിലും ഹൃദ്രോഗിയായതിനാലും മുഖര്‍ജിക്ക് ചികില്‍സയുടെ ഭാഗമായി വീട്ടിലെ ഭക്ഷണം എത്തിച്ചു നല്‍കുന്നതിനായുള്ള അപേക്ഷ അഭിഭാഷകന്‍ കുശാല്‍ മോര്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. സിബിഐ കസ്റ്റഡിയില്‍ തുടര്‍ന്നിരുന്ന ഭക്ഷണക്രമീകരണം ജയിലിലും തുടരാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജയിലധികൃതര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ടെന്ന് സിബിഐ വ്യക്തമാക്കി.പുതിയ അപേക്ഷയില്‍ നാളെ തീരുമാനം അറിയിക്കുമെന്ന് മജിസ്‌ട്രേറ്റ് അഡോണ്‍ അറിയിച്ചു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പീറ്റര്‍ മുഖര്‍ജി.

RELATED STORIES

Share it
Top