ഷീഗെല്ലാ വയറിളക്കം; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ഷീഗെല്ലാ വയറിളക്കം ബാധിച്ച നിലയില്‍ മെഡിക്കല്‍ കൊളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. പുതുപ്പാടി കളക്കുളത്തില്‍ ഹര്‍ഷാദ് - ഖമറുന്നിസ ദമ്പതികളുടെ മകന്‍ രണ്ട് വയസ്സുകാരന്‍ സിയാനാണ് തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ചികില്‍സ തേടുന്നത്.
രോഗത്തെ തുടര്‍ന്ന്ഇവരുടെ ഇരട്ട മക്കളില്‍ രണ്ടാമത്തെ കുഞ്ഞ് വാര്‍ഡിലും ചികില്‍സ തേടുന്നു. വയറിളക്കത്തെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയ കുട്ടികളെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഐസിയുവിലുള്ള കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. വിദഗ്ധ പരിശോധനക്ക് വേണ്ടി കുഞ്ഞുങ്ങളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
പരിശോധന റിപോര്‍ട്ട് വന്ന ശേഷമേ രോഗത്തെ പറ്റി വിലയിരുത്താന്‍ പറ്റുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമാണ് ഇതെന്നും കുട്ടികളെയാണ് പ്രധാനമായും ബാധിക്കുകയെന്നും ഐഎംസിഎച്ച് ശിശുരോഗ വിഭാഗം വ്യക്തമാക്കി. പനി, വയറുവേദന, രക്തം കലര്‍ന്ന മലം, ഇവയാണ് രോഗലക്ഷണങ്ങള്‍ .ഇതിന്റെ ടോക്‌സിന്‍ തലച്ചോറിനെ ബാധിച്ചേക്കാം. മരണം സംഭവിക്കാവുന്ന സങ്കീര്‍ണമായ രോഗമാണിതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്റെ ചികില്‍സക്ക് ബന്ധപ്പെട്ട ഡോക്ടര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചികില്‍സാ സഹായം ലഭ്യമാക്കിയതായി കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ വ്യക്തമാക്കി. അതിനിടെ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ആരും തന്നെ ഇത്രയും ദിവസമായിട്ടും തിരിഞ്ഞു നോക്കാത്തതില്‍ വ്യാപകമായ ആരോപണം ഉയര്‍ന്നു.

RELATED STORIES

Share it
Top