ഷി ജിന്‍പിങുമായി ഇനി സൗഹൃദമുണ്ടാവില്ലെന്നു ട്രംപ്

ന്യൂയോര്‍ക്ക്: യുഎസില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ചൈന ശ്രമിക്കുകയാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഇനി സൗഹൃദം ഉണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാരബന്ധത്തില്‍ കര്‍ശന നിലപാടുകളെടുത്തതോടെ തിരഞ്ഞെടുപ്പില്‍ തനിക്കു തിരിച്ചടി തരാനാണു ചൈന ശ്രമിക്കുന്നത്. നവംബറില്‍ നടക്കുന്ന നിര്‍ണായകമായ തിരഞ്ഞടുപ്പ് തനിക്ക് പ്രതികൂലമാക്കി മാറ്റാന്‍ ചൈന വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്്. ഇത് ഷിയുമായുള്ള ബന്ധം വഷളാവാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരിക്കലും ഷി തന്റെ സുഹൃത്തായിരിക്കില്ല. എന്നാല്‍ അദ്ദേഹം തന്നെ മാനിക്കുമെന്നാണു താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകളുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. 'ഞങ്ങളുടെ കൈകളില്‍ ശക്തമായ തെളിവുണ്ട്. എനിക്ക് ഇപ്പോഴതു നിങ്ങളോടു വ്യക്തമാക്കാനാവില്ല. പക്ഷേ അതൊരിക്കല്‍ പുറത്തുവരും. ശൂന്യതയില്‍ നിന്നുള്ള ആരോപണമല്ല ഇത്. അതു നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ തനിക്കു കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയയെ ചര്‍ച്ചയുടെ പാതയിലേക്കു കൊണ്ടുവരുന്നതില്‍ ഉള്‍പ്പെടെ ചൈനയെ പുകഴ്ത്താറുള്ള ട്രംപ്, ഷിയെ തന്റെ അടുത്ത സുഹൃത്തായാണു വിശേഷിപ്പിച്ചിരുന്നത്. വ്യാപാര മേഖലയിലെ ചൈനയുടെ രീതികള്‍ അംഗീകരിക്കാനാവില്ലെന്നു ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം യുഎസ് അവസാനിപ്പിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജങ് ഷുവാങ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ചൈന അവസാനിപ്പിക്കണം.
നയതന്ത്ര ബന്ധത്തെയും ഇരുരാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന വാക്കുകളും പ്രവൃത്തികളും യുഎസ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top