ഷാഹുലിന്റെ മൃതദേഹം പിടിച്ചെടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട ശ്രമം

എരുമേലി: ഒരാഴ്ച മുമ്പ് മുണ്ടക്കയത്ത്  നിന്ന് ഒഴുക്കില്‍പെട്ട് കാണാതായ അടൂര്‍  മണക്കാല വട്ടമലതെക്കേതില്‍ ഷാഹുല്‍ രാജിന്റെ  (21)  മൃതദേഹം മണിമലയാറ്റില്‍ ഒഴുക്കില്‍ നിന്ന് പിടിച്ചെടുക്കാന്‍ പോലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും നടത്തിയത് മണിക്കൂറുകള്‍ നീണ്ട സാഹസിക ശ്രമം. ഇന്നലെ രാവിലെ എരുമേലി ഓരുങ്കല്‍കടവിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട് നാട്ടുകാരാണു പോലിസിനെ അറിയിച്ചത്.
എങ്ങനെയും മൃതദേഹം കരയ്ക്കടുപ്പിക്കണമെന്ന് അറിയിച്ച് അപ്പോള്‍ തന്നെ എരുമേലി പോലിസ് സ്ഥലത്തെത്തി. ശക്തമായ ഒഴുക്കും കരകവിയാറായ വെള്ളപ്പൊക്കവും മൂലം മൃതദേഹം കണ്ടെത്തി പിടിക്കുക സാധ്യമല്ലായിരുന്നു. മണിമലയാറിലെ ചെക്ക് ഡാമുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളില്‍ മൃതദേഹം തങ്ങിനില്‍ക്കുമെന്ന പ്രതീഷയോടെ പോലിസും ആറിന്റെ കരയില്‍ നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നു. പാലങ്ങളില്‍ പോലിസ് കാവല്‍ നിന്നതിനൊപ്പം ഫയര്‍ ഫോഴ്‌സും എത്തി.
വിഴിക്കത്തോട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ പിടികൂടാന്‍ കഴിഞ്ഞില്ല. അതേസമയം കരിമ്പുകയം ചെക്ക്ഡാമിന്റെ തൂണുകളില്‍ മൃതദേഹം തടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സിന് സമയത്ത് എത്താന്‍ സാധിച്ചില്ല. ശക്തമായ ഒഴുക്കായതിനാല്‍ നാട്ടുകാര്‍ക്കു വലയിട്ട് തടഞ്ഞു  നിര്‍ത്താനും സാധിച്ചില്ല. തുടര്‍ന്ന് പഴയിടം പാലത്തില്‍ വലയും സന്നാഹങ്ങളുമായി മഴ വകവയ്ക്കാതെ മൃതദേഹം പിടിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ എല്ലാവരും ആശങ്കയിലായി.
ഒടുവില്‍ മണിമല കോട്ടാങ്ങലിനു സമീപം മുണ്ടോലികടവ് പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം പിടിച്ചെടുത്തത്. അതുവരെ പ്രതികൂല കാലാവസ്ഥയില്‍ വലഞ്ഞ് പോലിസിനും ഫയര്‍ഫോഴ്‌സിനുമൊപ്പം നൂറു കണക്കിനു നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി.

RELATED STORIES

Share it
Top