ഷാര്‍പ് ഷൂട്ടര്‍മാരുടെ ആക്രമണ ഭീഷണി ഗൗരവമായി കാണുമെന്ന് സൈനിക മേധാവി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഷാര്‍പ് ഷൂട്ടര്‍മാരുടെ ആക്രമണത്തിന്റെ ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകള്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്നു സൈനിക മേധാവി ബിബിന്‍ റാവത്ത്. സുരക്ഷാ സൈനികരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടു സ്‌നൈപര്‍മാര്‍ കശ്മീരില്‍ കടന്നിട്ടുണ്ടെന്നു റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.
സപ്തംബര്‍ പകുതി മുതല്‍ ഇതുവരെ കശ്മീരില്‍ ഷാര്‍പ് ഷൂട്ടര്‍മാര്‍ സേനാംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാകിസ്താനില്‍ നിന്നുള്ള സംഘടനകളില്‍ നിന്നു വിദഗ്ധ പരിശീലനം ലഭിച്ച നാലു ഷാര്‍പ് ഷൂട്ടര്‍മാര്‍ കശ്മീരിലുള്ളതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപോര്‍ട്ടുകളിലുണ്ടായിരുന്നു. പ്രത്യേക സ്ഥലങ്ങളില്‍ ദീര്‍ഘനേരം ഒളിഞ്ഞിരുന്നു വെടിവയ്ക്കാന്‍ പരിശീലനം ലഭിച്ച സ്‌നൈപര്‍മാര്‍ കശ്മീര്‍ താഴ്‌വരയിലെ വിഐപികള്‍ക്ക് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാത്രിയില്‍ വ്യക്തമായ കാഴ്ച ലഭിക്കാനായി നൈറ്റ്‌വിഷന്‍ ഗ്ലാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണ് ഷൂട്ടര്‍മാര്‍ തമ്പടിച്ചിരിക്കുന്നത്. യുഎസിന്റെ എം6 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ട്.
റൈഫിളുകളില്‍ നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഘടിപ്പിച്ച് രാത്രിയില്‍ ആക്രമണം നടത്താനും സാധിക്കുമെന്നും ഇതു സംബന്ധിച്ച വാര്‍ത്തകളില്‍ പറയുന്നു. ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സ്‌നൈപര്‍ ആക്രമണത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ രാജേന്ദ്രപ്രസാദ് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 22നും സമാനരീതിയില്‍ ആക്രമണമുണ്ടായി. ഈ സംഭവങ്ങളിലെല്ലാം വളരെ ദൂരെ നിന്നാണു വെടിയേറ്റത്. കഴിഞ്ഞ 18ന് പല്‍വായിലുണ്ടായ ആക്രമണത്തി ല്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റിരുന്നു.
ആക്രമണങ്ങളെക്കുറിച്ച് പഠിച്ചു വരികയാണെന്ന് സൈനിക മേധാവി പ്രതികരിച്ചു. സ്‌നൈപര്‍മാര്‍ ഉപയോഗിക്കുന്ന ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. അതു സംബന്ധിച്ചും അന്വേഷണം നടത്തുന്നതായി സൈനിക മേധാവി അറിയിച്ചു. താഴ്‌വരയിലേക്ക് സ്‌നൈപര്‍മാര്‍ കടന്നുവെന്നുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും റാവത്ത് വ്യക്തമാക്കി.

RELATED STORIES

Share it
Top