ഷാര്‍ജ പുസ്തക മേളയില്‍ പ്രമുഖ സാഹിത്യകാരന്‍ പങ്കെടുക്കും

ദുബയ്: ഈ മാസം 31ന് ആരംഭിക്കുന്ന 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ എത്തുന്നത് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും മാധ്യമ പ്രവര്‍ത്തകരും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 10 വരെയാണ് പുസ്തക മേള. ഡോ. ശശി തരൂര്‍ എംപി, ചേതന്‍ ഭഗത്, ഡോ. എല്‍. സുബ്രഹ്മണ്യം, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപ്പര്‍, പ്രകാശ് രാജ്, നന്ദിത ദാസ്, ലില്ലി സിംഗ്, മനു എസ്. പിള്ള, യു. കെ. കുമാരന്‍, എസ്. ഹരീഷ്, സന്തോഷ് എച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുക്കും. കലാസാഹിത്യം കൂടാതെ, സാമൂഹികസാംസ്‌കാരികരാഷട്രീയ മേഖലകളിലെയും സംഗീതം, സിനിമ, പാചകം തുടങ്ങിയ രംഗങ്ങളിലെയും പ്രമുഖര്‍ ഇക്കുറിയും പങ്കെടുക്കുന്നുണ്ട്.
'മീശ' നോവലിന്റെ രചയിതാവ് എസ്. ഹരീഷ്, 'തൊട്ടപ്പന്‍' കഥാ സമാഹാരത്തിലൂടെ സമകാലിക മലയാള കഥാലോകത്ത് ഇടം കണ്ടെത്തിയ ഫ്രാന്‍സിസ് നൊറോണ, 'ഒറ്റമരപ്പെയ്ത്ത്' എന്ന പുതിയ പുസ്തകവുമായി ദീപ നിശാന്ത് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ പുസ്തക മേളയുടെ ഭാഗമായ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങളും സ്റ്റാളുകളുമായി എത്തുന്ന ഡിസി ബുക്‌സ് സിഇഒ രവി ഡിസിയും ഷാര്‍ജ ബുക് അഥോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പുസ്തക മേളയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍:
ഡോ. ശശി തരൂര്‍ എംപി, അബ്ദുസ്സമദ് സമദാനി, ചേതന്‍ ഭഗത്, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ഡോ. എല്‍. സുബ്രമണ്യം, കരണ്‍ ഥാപര്‍, പ്രകാശ് രാജ്, നന്ദിത ദാസ് എന്നിവര്‍ക്കൊപ്പം രാഷ്ട്രീയനേതാവും കവയത്രിയുമായ എം.കെ കനിമൊഴി, യൂ ട്യൂബിലൂടെ പ്രശസ്തയായ 'സൂപര്‍ വുമണ്‍' ലില്ലി സിംഗ്, നോവലിസ്റ്റും വയലാര്‍ പുരസ്‌കാര ജേതാവുമായ യു.കെ കുമാരന്‍, കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, എഴുത്തുകാരായ സോഹ അലി ഖാന്‍, കെ.വി മോഹന്‍ കുമാര്‍ ഐഎഎസ്, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ്, മനു എസ്. പിള്ള, ദീപ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ; ചലച്ചിത്ര നടന്‍ മനോജ് കെ.ജയന്‍, മാപ്പിളപ്പാട്ടിലെ നിറസാന്നി്ധ്യമായ എരഞ്ഞോളി മൂസ, പാചക വിദഗ്ധരായ രണ്‍വീര്‍ ബ്രാര്‍, ശിപ്ര ഖന്ന, ലതിക ജോര്‍ജ്, ആന്‍സി മാത്യു, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മോട്ടിവേഷനല്‍ ട്രെയിനര്‍മാരായ ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍ എന്നിവരും എക്‌സ്‌പോ സെന്ററിലെ വിവിധവേദികളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നു.

RELATED STORIES

Share it
Top