ഷാര്‍ജ പുസ്തകമേള 31ന് ആരംഭിക്കും

കബീര്‍ എടവണ്ണ

ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള ഈ മാസം 31ന് ആരംഭിക്കും. 37ാമത് പുസ്തകമേളയില്‍ ജപ്പാനെ മുഖ്യാതിഥിയായി ആദരിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി മേധാവി അഹ്മദ് അല്‍ അമീരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
77 രാജ്യങ്ങളില്‍ നിന്നായി 16 ലക്ഷം പുസ്തകങ്ങളാണ് പുസ്തകോല്‍സവത്തില്‍ ഉണ്ടാവുക. വിവിധ രാജ്യങ്ങളില്‍ 472 പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന 1800 സാംസ്‌കാരിക ചടങ്ങുകളായിരിക്കും മേളയില്‍ ഒരുക്കുന്നത്. മലയാളം അടക്കം ഇന്ത്യയില്‍ നിന്ന് നൂറിലധികം പ്രസാധകര്‍ ഈ വര്‍ഷവും ഷാര്‍ജയിലെത്തും.
നൊബേല്‍ സമ്മാന ജേതാവായ പ്രമുഖ സാഹിത്യകാരന്‍ ഹറൂകി മുറുകാമി, അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ജയിംസ് പാര്‍ക്കിന്‍സണ്‍, നൈജീരിയന്‍ എഴുത്തുകാരന്‍ ചെക്കുവോ ഓഫില്‍, ബ്രിട്ടനിലെ പുരസ്‌കാര ജേതാവും സോഷ്യല്‍ മീഡിയ എഡിറ്ററുമായ എമ്മ ഗാനോന്‍, ദക്ഷിണാഫ്രിക്കയില്‍ കോമഡി എഴുത്തുകാരി ലൗറീന്‍ ബ്യൂക്കസ് തുടങ്ങിയ പ്രശസ്തര്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപര്‍, പ്രമുഖ സിനിമാ നടനും സംവിധായകനുമായ പ്രകാശ് രാജ്, പ്രമുഖ പ്രചോദന പ്രസംഗകനായ ഗൗര്‍ ഗോപാല്‍ ദാസ്, യൂട്യൂബ് പ്രവര്‍ത്തക ലില്ലി സിങ്, നടിയും എഴുത്തുകാരിയുമായ സോഹ അലി ഖാന്‍, വ്യോമസേന പരിശീലകയും എഴുത്തുകാരിയുമായ നന്‍ജീത് ഹിരാനി തുടങ്ങിയവര്‍ പുസ്തകമേളയില്‍ വായനക്കാരുമായി സംവദിക്കും.
കേരളത്തില്‍ നിന്ന് എഴുത്തുകാരായ അന്‍വര്‍ അലി, പി രാമന്‍, കെ വി മോഹന്‍ കുമാര്‍, യു കെ കുമാരന്‍, ദീപ നിശാന്ത്, മനു എസ് പിള്ള, സിസ്റ്റര്‍ ജെസ്മി, സന്തോഷ് ഏച്ചിക്കാനം, കെ വി ശംസുദ്ദീന്‍ എന്നിവരും പങ്കെടുക്കും.

RELATED STORIES

Share it
Top