ഷാനവാസിനെതിരേ വിമര്‍ശനവുമായി പി കെ ബഷീര്‍ എംഎല്‍എ

മുക്കം: വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ സ്ഥലം എംപി എം ഐ ഷാനവാസിനെതിരേ ഒളിയമ്പെയ്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടന്നാക്രമിച്ചും പി കെ ബഷീര്‍ എംഎല്‍എ. ഇന്നലെ മുക്കത്തു നടന്ന കണ്‍വന്‍ഷനിലാണ് പി കെ ബഷീര്‍ ആഞ്ഞടിച്ചത്. വിജയിക്കുമെന്ന പൂര്‍ണമായ ആത്മവിശ്വാസം ആര്‍ക്കും വേണ്ടന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താനാവൂ. കഴിഞ്ഞ തവണ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി ഇടതുപക്ഷത്തിന്റെ കുറച്ച് വോട്ടുകള്‍ പിടിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ബഷീര്‍ തുറന്നടിച്ചു. ഷാനവാസിനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണു ബഷീര്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കന്‍മാര്‍ വരുമ്പോള്‍ മാത്രം പിറകെനടന്നിട്ട് കാര്യമില്ലെന്നും നാട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും ബഷീര്‍ പറഞ്ഞു. 2009ല്‍ രണ്ടു ലക്ഷത്തോളം വോട്ടുകള്‍ക്ക് എം ഐ ഷാനവാസ് വിജയിച്ച വയനാട് മണ്ഡലത്തില്‍ 2014ല്‍ ഭൂരിപക്ഷം 20000 ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ബഷീറിന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

RELATED STORIES

Share it
Top