ഷാജന്‍ വധശ്രമം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് സിപിഎം പ്രവര്‍ത്തകനും പാട്യം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ ജീവനക്കാരനുമായ ജി ഷാജനെ(41) വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ച കേസിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ നീര്‍വേലിയിലെ പുഴക്കല്‍ വീട്ടില്‍ പി പ്രശാന്ത്(34), ശക്തി നിവാസില്‍ രവി(35), പുത്തലത്ത് വീട്ടില്‍ പി അഖിലേഷ്(24) എന്നിവരെ കൂത്തുപറമ്പ് സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പാട്യം ക്ഷീരോല്‍പാദക സഹകരണസംഘത്തിലെ സെയില്‍സ്മാനും സിപിഎം പ്രവര്‍ത്തകനുമായ കിഴക്കെ കതിരൂര്‍ മയൂരം കളരിക്കണ്ടിയില്‍ ജി ഷാജനെ(41)   നീര്‍വേലി ശ്രീരാമസ്വാമിക്ഷേത്രം പരിസരത്ത് പാല്‍വിതരണത്തിന് ബൈക്കില്‍ പോവുന്നതിനിടെയാണ്  ആക്രമിച്ചത്. കൂത്തുപറമ്പ് പോലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. നീര്‍വേലി ഭാഗത്ത് സ്ഥിരമായി പാല്‍വിതരണം ചെയ്യുന്നയാള്‍ അവധിയായതിനാല്‍ പകരം എത്തിയതായിരുന്നു ഷാജന്‍.

RELATED STORIES

Share it
Top