ഷാക്കിരിക്കും ഷാെക്കയ്ക്കും രണ്ടു മല്‍സരങ്ങളില്‍ വിലക്ക്‌

മോസ്‌കോ:  ഗോളടിക്കു ശേഷമുള്ള ആംഗ്യം കാണിക്കലിലൂടെ രാഷ്ട്രീയം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂപ്പര്‍ താരങ്ങളായ ഷെര്‍ദാന്‍ ഷാക്കിരിക്കും ഗ്രാനിറ്റ് ഷാക്കെയ്ക്കും വിലക്ക്. രണ്ടു മല്‍സരങ്ങളിലാണു ഫിഫ ഇവര്‍ക്ക് വിലക്കു പ്രഖ്യാപിച്ചത്. ഇതോടെ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങളില്‍ ലോക ആറാം റാങ്കുകാരായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്.
കഴിഞ്ഞദിവസം സെര്‍ബിയക്കെതിരായ മല്‍സരത്തിനിടെയാണ് സംഭവം. മല്‍സരത്തില്‍ ഇരുവരും സെര്‍ബിയക്കെതിരേ ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് ഇരുകൈകളും കുറുകെ പിടിച്ചശേഷം തള്ളവിരലുകള്‍ കൊണ്ടു കുടുക്കിട്ട് അല്‍ബേനിയന്‍ ദേശീയപതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുന്ന ആംഗ്യത്തോടെയാണു കൊസോവോ വംശജരായ ഷാെക്കയ്‌യും ഷാക്കീരിയും ഗോള്‍ നേട്ടം ആഘോഷിച്ചത്. ജെഴ്‌സി ഊരി ആഹ്ലാദം പ്രകടിപ്പിച്ചതിന് ഷാക്കിരിക്ക് അപ്പോള്‍ത്തന്നെ മഞ്ഞക്കാര്‍ഡും ലഭിച്ചിരുന്നു.
സെര്‍ബിയന്‍ ഭീകരതകളുടെ ഇരകളാണ് സ്വിസ് താരങ്ങളായ ഷാക്കിരിയും ഷാക്കെയും. സെര്‍ബിയയുടെ കീഴിലെ സ്വയംഭരണ പ്രദേശമായ കൊസോവയില്‍ ജനിച്ചവരാണ് ഇരുവരും. 1980ല്‍ കൊസോവയുടെ സ്വയംഭരണം എടുത്തുമാറ്റിയതിനെതിരേ വമ്പന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അതിന്റെ ഫലമായി ഇരുവരുടെയും കുടുംബങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കുകയും ചെയ്യുകയായിരുന്നു. ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പായിച്ചവരോടുള്ള പ്രതിഷേധമായിരുന്നു  ഇരുവരും പ്രകടിപ്പിച്ചത്. മല്‍സരങ്ങള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു ഫിഫയുടെ വിലക്കുള്ളതാണ് വിനയായത്. ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന് സെര്‍ബിയയും ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top