ഷഹ്‌കോട്ടില്‍ അകാലി കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് ആധിപത്യം

ചണ്ഡീഗഡ്: പഞ്ചാബിലെ ഷഹ്്‌കോട്ട് നിയമസഭാമണ്ഡലം ശിരോമണി അകാലിദളി (എസ്എഡി) ല്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിലെ ഹര്‍ദേവ് സിങ് ലാഡി, അകാലിദള്‍ സ്ഥാനാര്‍ഥി നായിബ് സിങ് കോഹാറിനെ 38,801 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്. ലാഡിക്ക് 82,745 വോട്ടുകളും കോഹാറിന് 43,944 വോട്ടുകളും ലഭിച്ചു. അകാലി കോട്ട തകര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചത്.
ലാഡിക്ക് ലഭിച്ച ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളില്‍ അമ്പരപ്പ് സൃഷ്ടിച്ചു. ജയം ഉറപ്പിച്ചിരുന്നെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളില്‍ മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍, കാബിനറ്റ് മന്ത്രി ത്രിപത് രജിന്ദര്‍ സിങിനെ പോലുള്ള ചിലര്‍ 40,000ലേറെ ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞിരുന്നു. 20,000നും 25,000നുമിടയില്‍ ഭൂരിപക്ഷമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ഇത്ര വലിയ ഭൂരിപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി അമരേന്ദര്‍ സിങ്ങും പറഞ്ഞു. ഷഹ്്‌കോട്ട് മണ്ഡലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ജയിച്ചുവന്നത് അകാലിദള്‍ ആയിരുന്നു.
ഷഹ്്‌കോട്ടിലെ വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ 117 ആയി വര്‍ധിച്ചു.
നിയമസഭയിലെ മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്ക് ഷഹ്‌കോട്ടില്‍ 1,900 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരാജയം മണത്ത അകാലിദള്‍ സ്ഥാനാര്‍ഥി കോഹാര്‍ ജലന്ധറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പാതിവഴിയില്‍ സ്ഥലം വിട്ടു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top