ഷഹീന്റെ മരണം: അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

എം വി വീരാവുണ്ണി
പട്ടാമ്പി: അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ഷഹീന്‍ (21) ദുരൂഹസാഹചര്യത്തില്‍ മരണപെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്.
2015 ആഗസ്റ്റ് 21നാണ് അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥി ഷഹീന്‍ ഹോസ്റ്റലിലെ കിണറ്റില്‍ വീണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണച്ചുമതല പലതവണ കൈമാറിയെങ്കിലും ഇതു വരെ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിക്ക് അന്വേഷണ ചുമതല നല്‍കിയത്്.
സംഭവം നടന്ന് രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്  ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നിരവധിപേരുടെ മൊഴികളും തെളിവു ശേഖരണവും സംഘം നടത്തി. ഷഹിനിന്റെ പിതാവ് ഹംസയുടെയും സഹോദരന്‍ ഷബീറിന്റെയും വിശദമായ മൊഴികള്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാ ന്‍സിസ് ഷെല്‍ബി വീട്ടിലെത്തി രേഖപ്പെടുത്തി.
സംഭവസമയത്ത് ഷഹിനിന്റെ കൂടെയുണ്ടായിരുന്ന സഹപാഠികളുടെ മൊഴികള്‍ രേഖപെടുത്തുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഷഹിനിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നാവിശ്യപെട്ടു രണ്ടര വര്‍ഷമായി നിയമ പോരാട്ടത്തിലാണ് കുടുംബം.
സംഭവത്തില്‍ കോളജിനും പോലിസിനും ഉള്ള പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപെട്ടു. അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നും  നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top