ഷമേജ് വധം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


തലശ്ശേരി: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി പറമ്പത്തുവീട്ടില്‍ യു സി ഷമേജ് (36) കൊല്ലപ്പെട്ട കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാഹി ചെറുകല്ലായി മലങ്കര വീട്ടില്‍ എം എം ഷാജി (36), പുതിയ പറമ്പത്ത് ഷബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ ഇ കെ പ്രേമരാജും സംഘവും പിടികൂടിയത്. കഴിഞ്ഞദിവസം അര്‍ധരാത്രി വടകരയിലെ ഒരു ലോഡ്ജില്‍വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴിനു രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഷമേജിനെ ഓട്ടോ തടഞ്ഞുനിര്‍ത്തി ഒരുസംഘം വെട്ടിക്കൊന്നത്. ബാബു വധക്കേസില്‍ നേരത്തെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ബാബു വധം മാഹി പോലിസും, ഷമേജ് വധം ന്യൂ മാഹി പോലിസുമാണ് അന്വേഷിക്കുന്നത്.

RELATED STORIES

Share it
Top