ഷമേജ് വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

തലശ്ശേരി: ന്യൂമാഹിയിലെ ഓട്ടോ ഡ്രൈവറും ബിജെപി ബൂത്ത് പ്രസിഡന്റുമായിരുന്ന യു സി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. ചെറുകല്ലായിലെ രാജേഷിനെ(45)യാണ് തലശ്ശേരി സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേരത്തേ ആറു സിപിഎം പ്രവര്‍ത്തകരെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിച്ച രണ്ടു പ്രതികളിലൊരാളാണ് ഇപ്പോള്‍ പിടിയിലായത്.
ഇനി ഒരാളെ കൂടി പിടികുടാനുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് രാജേഷിനെ പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് ഷമേജ് കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് അരമണിക്കൂറിനകം ഷമേജിനെ കൊലപ്പെടുത്തിയത്. ഓട്ടോ—യുമായി പോവുകയായിരുന്ന ഷമേജിനെ ന്യൂമാഹിയിലെ വ്യാപാരി ഫൈസലിന്റെ സഹായത്തോടെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഫൈസലിനൊപ്പം ഷമേജിനെ തടഞ്ഞുനിര്‍ത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ് രാജേഷ്. 2006ല്‍ പള്ളൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ രഹസ്യ കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രാജേഷിന്റെ കൈ അറ്റുപോയിരുന്നു. എഎസ്‌ഐ അജയന്‍, സിപിഒ സുജേഷ്, എന്നിവരും രാജേഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top