ഷമേജ് വധം: ആറ് സിപിഎമ്മുകാര്‍ കസ്റ്റഡിയില്‍

തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ ന്യൂമാഹി പെരിങ്ങാടിയിലെ യു സി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് സൂചന. കഴിഞ്ഞദിവസം രാത്രി നടന്ന റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി ഇന്ന് കണ്ണൂരിലെത്തുന്നതിനാല്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണു പോലിസ്. പ്രതികള്‍ വലയിലായെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടേറ്റുവീണ സ്ഥലത്തു നിന്ന് വാഹനത്തില്‍ ആശുപത്രിയിലേക്ക് അയച്ചശേഷം അവിടെ നിന്നു ബൈക്കില്‍ പുറപ്പെട്ട രണ്ടുപേര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണു വിവരം. ബാബു കൊല്ലപ്പെട്ടതിനു പകരമായി ഷമേജിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുതന്നെയാണ് സംഘം പുറപ്പെട്ടതെന്നാണ് പോലിസ് നിഗമനം. രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന ഷമേജിനെ എളുപ്പത്തില്‍ വകവരുത്താന്‍ കഴിയുമെന്ന് സംഘത്തിലൊരാള്‍ പറഞ്ഞതനുസരിച്ചാണ് ഇവര്‍ മാഹി പാലം ലക്ഷ്യമിട്ടു നീങ്ങിയത്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഷമേജിന്റെ കൊലപാതകത്തില്‍ ചിലര്‍ രഹസ്യമായി പോലിസിന് മൊഴി നല്‍കിയതായും വിവരമുണ്ട്.
അതേസമയം, ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയനുസരിച്ച് കൊലയാളിസംഘത്തില്‍ 12 പേരുള്ളതായാണ് സൂചന. പാനൂര്‍ ഭാഗത്തുനിന്നുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായും ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top