ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനത്തില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി എം സഹ്‌ലയെ നിയമിച്ചതില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍. നടപടി വിവാദമായ പശ്ചാത്തലത്തില്‍ ഷംസീര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടിയെയും കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. നിയമനത്തിനെതിരേ കണ്ണൂര്‍ സ്വദേശിനി ഡോ. എം പി ബിന്ദു നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍വകലാശാലയുടെ വിശദീകരണം തേടിയിരിക്കുകയാണ്.
കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി സര്‍വകലാശാല നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് ഷംസീറിന്റെ ഭാര്യയെ നിയമിച്ചതെന്ന് ഡോ. ബിന്ദു ഹരജിയില്‍ ആരോപിക്കുന്നു.
ജൂണ്‍ 14നാണ് ഇന്റര്‍വ്യൂ നടന്നത്. ഇനിയും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടെ കഴിഞ്ഞ 19ന് സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ താല്‍ക്കാലിക അസി. പ്രഫസറായി സഹ്‌ലയ്ക്ക് നിയമനം നല്‍കുകയായിരുന്നു. ഇതുവരെ കരാര്‍ നിയമനങ്ങളില്‍ കണ്ണൂര്‍ സര്‍വകലാശാലാ സംവരണ ചട്ടം പാലിച്ചിട്ടില്ലെന്നും വിജ്ഞാപനവും റാങ്ക്പട്ടികയും മറികടന്നാണ് നിയമനം നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ പിന്നീട് വരുന്ന നിയമനം സംവരണ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.

RELATED STORIES

Share it
Top