ശൗചാലയത്തില്‍ മാലിന്യം നിറഞ്ഞുചാവക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പുരുഷന്‍മാരുടെ വാര്‍ഡിനടുത്തെ ശൗച്യാലയത്തി ല്‍ കക്കൂസ് മാലിന്യം നിറഞ്ഞു പൊങ്ങിയത് രോഗികള്‍ക്ക് ദുരിതമാകുന്നു. ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന പല രോഗികളും ഈ വാര്‍ഡില്‍ തന്നെയാണുള്ളത്.
രോഗികള്‍ക്കോ, രോഗികളുടെ ഒപ്പം നില്‍ക്കുന്നവര്‍ക്കോ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ദിവസേന നൂറുക്കണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. രോഗികളും, കൂട്ടിനു വന്നവരും, രോഗികളെ കാണാന്‍ എത്തുന്നവരും മൂക്ക് പൊത്തിയിട്ടാണ് ഇവിടെയെത്തുന്നത്.
ഇതിന്റെ അടുത്തുള്ള കുളി മുറിയില്‍ തുള്ളി വെള്ളം പോലും കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രി ജീവനക്കാരോട് രോഗികള്‍ പറഞ്ഞപ്പോള്‍ സുപ്രണ്ടിനോട് പറയാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. സൂപ്രണ്ട് ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണെന്ന് രോഗികള്‍ കുറ്റപ്പെടുത്തുന്നു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രമ്യയുടെ ഓഫീസ് മുറിയുടെ പിന്നിലാണ് ഈ വാര്‍ഡ്. വൃത്തിഹീനമായി കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പകര്‍ച്ച വ്യാധി വരാനുള്ള സാഹചര്യവും ഏറെയാണ്.
പരിസര ശുചിത്വം ഉറപ്പു വരുത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. നിറഞ്ഞു കിടക്കുന്ന കക്കൂസ് മാലിന്യം നീക്കം ചെയ്യുവാനും ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് രോഗികളും ഒപ്പം ഉള്ളവരും.

RELATED STORIES

Share it
Top