ശ്വാസകോശ രോഗങ്ങളും അന്തരീക്ഷ മലിനീകരണവും വ്യാപകമെന്ന് പരാതി

തിരുവനന്തപുരം: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജാജി നഗറില്‍ കൊണ്ടുവന്ന് കത്തിച്ച് ആരോഗ്യപ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നതായി പരാതി. മാലിന്യത്തില്‍ നിന്നുള്ള വിഷപ്പുക ശ്വസിക്കുന്നതു മൂലം ശ്വാസകോശ രോഗങ്ങളും മറ്റും പ്രദേശത്ത് വ്യാപകമായിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറില്‍ തിങ്ങിപ്പാര്‍ക്കുന്നത്.
ഇവിടുത്തെ താമസക്കാരില്‍ ചിലര്‍ നഗരത്തിലെ മാലിന്യം കൊണ്ടുവന്ന് കോളനിയിലെ വീടുകളുടെ സമീപത്ത് നിക്ഷേപിച്ച് അര്‍ധരാത്രിയിലും അസമയങ്ങളിലും നിത്യേന കത്തിക്കുന്നതിനാല്‍ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. നിരവധി തൈറോയിഡ്, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ അടങ്ങുന്ന കുടുംബങ്ങളുടെ വീടുകളുടെ പരിസരത്താണ് മാലിന്യങ്ങള്‍ കത്തിക്കുന്നതെന്നതിനാല്‍ ഇവരും വളരെ ബുദ്ധിമുട്ടിലാണ്.
തിരുവനന്തപുരം മെഡിക്കല്‍കോളജ്, ആര്‍സിസി എന്നിവിടങ്ങളില്‍ തുടര്‍ചികില്‍സയില്‍ കഴിയുന്ന തന്നെപ്പോലുള്ള രോഗികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ പരിസ്ഥിതി മലിനീകരണമെന്ന് പ്രദേശവാസിയായ എസ് നന്ദ പരാതിപ്പെടുന്നു.
ഇക്കാര്യം നിരവധി തവണ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മാലിന്യം കത്തിക്കുന്നതിനെതിരേ പ്രതികരിച്ചാല്‍ ഭീഷണിയും വീടിനുമുന്നിലെത്തി അസഭ്യം പറയുന്നതും പതിവാണ്. നഗരങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമായി ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെയെത്തിക്കുന്നത്. ഭീഷണി ഭയന്ന് പലരും പ്രതികരിക്കാതെ വിഷപ്പുക ശ്വസിച്ച് കഴിയുകയാണ്.
ആര്‍സിസിയില്‍ തുടര്‍ചികില്‍സ നടത്തിയവരുന്ന തന്നേപ്പോലെയുള്ള നിര്‍ധന രോഗികള്‍ നേരിടുന്ന ദുരിതം ഒഴിവാക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, സിറ്റി പോലിസ് കമ്മീഷണര്‍, മേയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് നന്ദ പരാതി നല്‍കി.

RELATED STORIES

Share it
Top