ശ്വാസം അടക്കിപ്പിടിച്ച നാള്‍വഴികളിലൂടെ...

ജൂണ്‍ 23- ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും കോച്ചും കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങി. പ്രാദേശിക പോലിസ് തിരച്ചില്‍ ആരംഭിച്ചു.
ജൂണ്‍ 24- ഗുഹാമുഖത്ത് നിന്നു കുട്ടികളുടേതെന്നു കരുതുന്ന കൈകാല്‍പ്പാടുകള്‍ കണ്ടെത്തി.
ജൂണ്‍ 25- തായ് നേവിയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. നേവിയുടെ സീല്‍ ഡൈവര്‍മാര്‍ ഗുഹയുടെ ഉള്ളില്‍ പരിശോധന തുടങ്ങി. വെള്ളം പമ്പ് ചെയ്തു നീക്കാന്‍ ശ്രമം.
ജൂണ്‍ 26- തിരച്ചില്‍ സംഘം ടി-ജങ്ഷനില്‍ എത്തുന്നു. മലവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് പട്ടായ ബീച്ചിലെത്താന്‍ കഴിയാതെ തിരിച്ചുപോരുന്നു.
ജൂണ്‍ 27- ആയിരത്തോളം സൈനികരും നാവികസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്നു. യുഎസ് സൈനിക സംഘവും സ്ഥലത്ത്. ബ്രിട്ടിഷ് ഡൈവിങ് വിദഗ്ധരും ഗുഹയിലേക്ക്.
ജൂണ്‍ 28- ഗുഹയ്ക്കുള്ളില്‍ വെള്ളപ്പാച്ചില്‍ രൂക്ഷമായതോടെ വെള്ളത്തില്‍ മുങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു.
ജൂണ്‍ 29- ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘം രക്ഷാപ്രവര്‍ത്തനത്തിന്. ഗുഹയില്‍ സമാന്തരമായി തുരങ്കമുണ്ടാക്കാനുള്ള ശ്രമങ്ങള്‍.
ജൂണ്‍ 30- മഴ കുറയുന്നു. ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴുന്നു. തിരച്ചില്‍ ഊര്‍ജിതമാക്കുന്നു.
ജൂലൈ 1- ഗുഹയ്ക്കുള്ളില്‍  രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുവാനുള്ള വാര്‍ ഏരിയ നിര്‍മ്മിക്കുന്നു. എയര്‍ ടാങ്കുകളും മറ്റുപകരണങ്ങളും ഇവിടെ സംഭരിക്കുന്നു.
ജൂലൈ 2- ഗുഹയ്ക്കുള്ളില്‍ അഞ്ചു കിലോമീറ്ററോളം അകലെ ബ്രിട്ടിഷ് കേവ് റസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളും നീന്തല്‍ വിദഗ്ധരുമായ ജോണ്‍ വോളന്തനും റിച്ചാര്‍ഡ് സ്റ്റാന്റനും കുട്ടികളെയും കോച്ചിനെയും കണ്ടെത്തുന്നു. കുട്ടികളുടെ ആദ്യചിത്രം പുറത്ത്.
ജൂലൈ 3- കുട്ടികള്‍ക്ക് ആഹാരവും മരുന്നും എത്തിക്കുന്നു. കുട്ടികളുടെ പുതിയ വീഡിയോ പുറത്ത്.
ജൂലൈ 5- കനത്ത മഴ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുമെന്നു തിരിച്ചറിയുന്നു. ഗുഹയ്ക്കുള്ളിലേക്കുള്ള മറ്റു വഴികള്‍ കണ്ടെത്താന്‍ പര്‍വതമേഖലയാകെ തിരച്ചില്‍.
ജൂലൈ 6- ഗുഹയിലുള്ളവര്‍ക്ക് ഓക്‌സിജന്‍ എത്തിച്ച ശേഷം തിരിച്ചുവരവെ മുന്‍ തായ് സൈനികനും നീന്തല്‍ വിദഗ്ധനുമായ സമന്‍ കുനോന്ത് (38) മരിക്കുന്നു.
ജൂലൈ 7- ഗുഹയുടെ മുകളില്‍ നിന്നു കുഴിച്ച് കുഴലുകള്‍ താഴേക്കിറക്കാന്‍ ശ്രമം. 400 മീറ്റര്‍ വരെ കുഴിച്ചെങ്കിലും കുട്ടികളുള്ള ഭാഗം കണ്ടെത്തിയില്ല. ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്യുന്നു.
ജൂലൈ 8- ഗുഹയിലെത്തിയ ആസ്‌ത്രേലിയന്‍ മെഡിക്കല്‍ സംഘം കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചു പട്ടിക തയ്യാറാക്കി. ബഡ്ഡി ഡൈവിങിലൂടെ നാലു കുട്ടികളെ പുറത്തെത്തിക്കുന്നു. ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലാക്കി.
ജൂലൈ 9- രക്ഷാദൗത്യത്തിന്റെ രണ്ടാം ദിനം. പ്രാദേശിക സമയം വൈകീട്ട് നാലരയോടെ അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചു. മൂന്നു കുട്ടികളെക്കൂടി പുറത്തെത്തിക്കുന്നു.
ജൂലൈ 10- രക്ഷാദൗത്യത്തിന്റെ അവസാന ദിനം. നാലു കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. പ്രാഥമിക ചികില്‍സയ്ക്കു ശേഷം ഇവരെ ആശുപത്രിയിലേക്കു മാറ്റി.

RELATED STORIES

Share it
Top