ശ്രേയസ്സുയര്‍ത്തി ഇന്ത്യഗോള്‍ഡ് കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ദീപശിഖയ്ക്ക് തിരിയണയാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വിജയഗാഥ. ഇന്നലെ വീണ മൂന്നുമെഡലും ഇന്ത്യ ഷൂട്ടിങിലൂടെയാണ് കൈകളിലെത്തിച്ചത്. അവസാന ഷോട്ടിലൂടെ ശ്രേയസി സിങ് ഇന്ത്യയ്ക്ക് ആശ്വാസ സ്വര്‍ണം സമ്മാനിച്ചപ്പോള്‍ ഓം മിതര്‍വലിലൂടെയും അങ്കൂര്‍ മിത്തലിലൂടെയും ഇന്ത്യ വെങ്കലം അക്കൗണ്ടിലാക്കി. എം സി മേരി കോമും ഫൈനലിലെത്തി ഇന്ത്യന്‍ പ്രതീക്ഷ കാത്തു. പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചപ്പോള്‍ ഇടിക്കൂട്ടിലും സെമി വിസ്മയമുണ്ടായി. ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഗെയിംസ് ഏഴാം ദിനം പിന്നിടുമ്പോള്‍ 12 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 56 സ്വര്‍ണവുമായി ആസ്‌ത്രേലിയ ചാംപ്യന്‍പട്ടം ഉറപ്പിച്ചപ്പോള്‍ 25 സ്വര്‍ണവുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.

ഷൂട്ടോഫില്‍ സ്വര്‍ണം നേടി ശ്രേയസി സിങ്

ഷൂട്ടിങിലെ പെനല്‍റ്റി ഷൂട്ടൗട്ട് എന്ന് വിളിക്കപ്പെടുന്ന ഷൂട്ടോഫില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യയുടെ ശ്രേയസി സിങ് സ്വര്‍ണം വെടിവച്ചിട്ടത്. ആസ്‌ത്രേലിയയുടെ എമ്മാ കോക്‌സുമായുള്ള ഫൈനല്‍ മല്‍സരം അവസാനിക്കുമ്പോള്‍ ഇരുവര്‍ക്കും 96 പോയിന്റായിരുന്നു. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടോഫിലേക്ക് നീണ്ടു. ആദ്യ ഷോട്ടെടുത്ത ശ്രേയസി രണ്ടും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടാമത് ഗണ്‍ കയ്യിലേന്തിയ ആസ്‌ത്രേലിയന്‍ താരം ഒന്ന് മാത്രം ഉന്നം വച്ചപ്പോള്‍ സ്വര്‍ണം ശ്രേയസിക്ക്.

ഓം  മിതര്‍വലിന്രണ്ടാം വെങ്കലം

പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍  വെങ്കലമെഡല്‍ നേടിയാണ്  ഓം മിതര്‍വല്‍ ഗെയിംസിലെ തന്റെ രണ്ടാം വെങ്കലം അക്കൗണ്ടിലാക്കിയത്. തുടക്കം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറിയ ഓം മിതര്‍വല്‍ മൂന്ന് പേര്‍ അടങ്ങിയ അവസാന റൗണ്ടില്‍ 7.2,7.6 എന്നീ ഷോട്ടുകള്‍ ഉതിര്‍ത്തതോടെ വെങ്കല മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നേരത്തേ, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ താരം ഇന്ത്യക്ക് വെങ്കലമെഡല്‍ സമ്മാനിച്ചിരുന്നു.

കന്നി മെഡല്‍ നേട്ടത്തോടെ അങ്കൂര്‍ മിത്തല്‍

പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പിനത്തില്‍ വെങ്കലമെഡലോടെ ഇന്ത്യയുടെ അങ്കൂര്‍ മിത്തല്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പോക്കറ്റിലാക്കി. ഈ ഇനത്തില്‍ ഇന്ത്യയുടെ മറ്റൊരു താരം അസ്ഹാബ് മുഹമ്മദിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.  നേരത്തേ നടന്ന യോഗ്യതാ റൗണ്ടില്‍ അസ്ഹാബ് മുഹമ്മദ് രണ്ടാം സ്ഥാനത്തോടെയും അങ്കൂര്‍ മിത്തല്‍ അഞ്ചാമതായുമാണ് ഫൈനലിലേക്ക് മുന്നേറിയത്.

മേരി കോം ഫൈനലില്‍

നേരത്തേ 45-48 കിലോ വിഭാഗം ബോക്‌സിങില്‍ സെമിയില്‍ കടന്നതോടെ വെങ്കലമെഡല്‍ ഉറപ്പിച്ചിറങ്ങിയ ഇന്ത്യയുടെ ഉരുക്കു വനിത ഫൈനലില്‍ കടന്ന് ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിച്ചു. ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ 5-0നാണ് ഇടിച്ചുവീഴ്ത്തിയത്. 14 ന് നടക്കുന്ന ഫൈനലില്‍ അഞ്ച് തവണ ലോക ചാംപ്യയായ മേരി കോം നൈജീരിയയുടെ 22 കാരി ക്രിസ്റ്റീന ഒഹാരയെ നേരിടും.

ഇടിക്കൂട്ടിലും മെഡലുറപ്പിച്ച് ഇന്ത്യ
ഇന്നലെ ക്വാര്‍ട്ടറിലിറങ്ങിയ വികാസ് കൃഷ്ണനും ഗൗരവ് സോളങ്കിയും മനീഷ് കൗശികും സെമിയില്‍ കടന്നതോടെ ഇടിക്കൂട്ടില്‍ ഇത്തവണ ആകെ ഒമ്പത് മെഡലുകള്‍ ഇന്ത്യ ഉറപ്പിച്ചു. നേരത്തേ അഞ്ച് പുരുഷ താരങ്ങളും വനിതകളില്‍ എം സി മേരി കോമും ഇന്ത്യയക്ക് മെഡല്‍ ഉറപ്പിച്ചിരുന്നു.ബാഡ്മിന്റണിലുംവിജയത്തുടക്കംതികച്ചും അനായാസമായാണ് ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റണില്‍ മിന്നിത്തിളങ്ങിയത്. എതിരാളികളെ ഒരു നിമിഷത്തേക്കെങ്കിലും വാഴാന്‍ അനുവദിക്കാതെ അവരെ കോര്‍ട്ടില്‍ നിന്നും മുട്ടുവിറപ്പിച്ചാണ്  ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പിവി  സിന്ധുവും (21 -6, 21 -3) കെ ശ്രീകാന്തും (21 -13, 21 -10) എച്ച് എസ്സ് പ്രണോയും (21 -14, 21 -6) സൈന നെഹ്‌വാളും (21 -3, 21-1) റിഥ്വിക ഖാഡെയും (21 -5, 21-7)പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

നയന ജയിംസും എന്‍ വി നീനയും ഫൈനലില്‍

കേരള പ്രതീക്ഷകളായി ഇന്നലെ ലോങ് ജംപ് പിറ്റിലിറങ്ങിയ നയനാ ജയിംസും എന്‍ വി നീനയും ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ 6.34 ചാടിയാണ് നയനാ ജയിംസ് ഫൈനലിലെത്തിയത്. എന്നാല്‍ ഗ്രൂപ്പ് എയില്‍ 6.24 ദൂരം താണ്ടിയ എന്‍ വി നീന യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തോടെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

പുരുഷ ഹോക്കിയില്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന മല്‍സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 4-3ന് പരാജയപ്പെടുത്തി ഇന്ത്യന്‍ പട സെമിയിലേക്ക് ടിക്കറ്റെടുത്തു. ഇന്ത്യക്ക് വേണ്ടി മന്‍പ്രീത് സിങ് രണ്ട് ഗോളുകള്‍ നേടി.   രണ്ടാം ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ആദ്യ ഗോള്‍ കണ്ടെത്തി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മന്‍പ്രീത് സിങിലൂടെ(33) ഇന്ത്യ അക്കൗണ്ട് തുറന്ന് സമനില കണ്ടെത്തി. പിന്നീട് നാലാം ക്വാര്‍ട്ടറില്‍ പെനല്‍റ്റിയെടുത്ത രൂപീന്ദറിലൂടെ (51) ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാല്‍ മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ട് പെനല്‍റ്റിയില്‍ സമനില പിടിച്ചു. ശേഷം വരുണ്‍ കുമാറിലൂടെ ഇന്ത്യ 3-2ന് മുന്നിട്ടപ്പോള്‍ വീണ്ടും ഗോള്‍ നേടി ഇംഗ്ലണ്ട് സമനില കണ്ടെത്തി. എന്നാല്‍ കളി തീരാന്‍ 40 സെക്കന്റ് ബാക്കി നില്‍ക്കേ മന്ദീപ് സിങിന്റെ ഉഗ്രന്‍ ഷോട്ടോടെ ഇന്ത്യ 4-3ന്റെ ജയവുമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തില്‍ വെയില്‍സിനെതിരേ  ജയിച്ചതോടെ പൂള്‍ സിയില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കലും ചോഷ്‌ന ചിന്നപ്പയുമടങ്ങിയ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കനേഡിയന്‍ സഖ്യത്തെ ഇവര്‍ നേരിടും.

RELATED STORIES

Share it
Top