ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി

ശ്രീനഗര്‍:ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി. രവിശങ്കര്‍ കശ്മീരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ജനങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. തങ്ങളെ കബളിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുവന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.കശ്മീരില്‍ 'പൈഗാം ഇ മൊഹബത്ത്' എന്ന് പേരിലായിരുന്നു രവിശങ്കര്‍ പരിപാടി സംഘടിപ്പിച്ചത്. കശ്മീര്‍ പ്രശ്‌നത്തില്‍ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.
ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുന്ന വേദിയില്‍ പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജനങ്ങളെ പരിപാടിക്ക് എത്തിച്ചത്. എന്നാല്‍ ആരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ പ്രകോപിതരായാണ് ജനങ്ങള്‍ ഇറങ്ങിപ്പോയത്.
പരിപാടിയില്‍ പങ്കെടുത്താല്‍ ജോലി നല്‍കുമെന്നും ട്രെയിനിംഗ് ക്ലാസുകള്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണമോ വെള്ളമോ പോലും ജനങ്ങള്‍ക്ക് നല്‍കിയില്ല. തുടര്‍ന്ന് രവിശങ്കറിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

RELATED STORIES

Share it
Top