ശ്രീശാന്തിന് പ്രതീക്ഷ; നാലാഴ്ചക്കുള്ളില്‍ മറുപടി പറയണം; ബിസിസിഐയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി:  ഐപിഎല്‍ ഒത്തു കളി ആരോപണത്തെ  തുടര്‍ന്ന് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ മലയാളി താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹരജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.  കേരളാ ഹൈക്കോടതി സിംഗിള്‍  ബെഞ്ച് നിക്കം ചെയ്ത വിലക്ക് ഡിവിഷന്‍ ബെഞ്ച് പുനസ്ഥാപിച്ചതിനെതിരെ ശ്രീശാന്ത് നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കാര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ബിസിസിഐയ്ക്ക് നോട്ടീസ്  അയച്ചത്. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.  ശ്രീശാന്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ  സല്‍മാന്‍ ഖുര്‍ഷിദ് സുപ്രീംകോടതിയില്‍ ഹാജരായി. ശ്രീശാന്ത് ആറു വര്‍ഷത്തോളമായി ഗ്രൗണ്ടിനു പുറത്താണെന്നും കേസ് വേഗത്തില്‍ വാദം കേള്‍ക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു, എന്നാല്‍, ഇക്കാര്യം പരിഗണിക്കാന്‍   ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തയ്യാറായില്ല. എന്നാല്‍ ഖുര്‍ഷിദിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ബിസിസിഐക്ക് മറുപടി നല്‍കന്‍    ആറ് ആഴ്ച അനുവദിച്ചത് നാല് ആഴ്ചയായി കുറയ്ക്കാന്‍ കോടതി തയ്യാറായി. അതേസമയം, ശ്രീശാന്തിന്റെ ഹരജിയെ ബിസിസിഐ സുപ്രീം കോടതിയില്‍ എതിര്‍ത്തു. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദ്ദനുമാണെന്ന് ശ്രീശാന്ത് പറയുന്ന ഓഡിയോ രേഖ തങ്ങളുടെ കൈയിലുണ്ടെന്ന് ബിസിസിഐ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും നോട്ടീസ് അയക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.  ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ശ്രിശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന്  വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയില്‍ പ്രത്യേക വിടുതല്‍ ഹരജി സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top