ശ്രീവല്‍സം: ഫയല്‍ കാണാതായതിന് പിന്നില്‍ യുഡിഎഫിലെ പോര്പത്തനംതിട്ട: ശ്രീവല്‍സം ജൂവലറിക്കായി കെട്ടിടം നിര്‍മിക്കുന്നതിന് യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ മുന്‍ ഭരണ നേതൃത്വം അനധികൃതമായി അനുമതി നല്‍കിയത് വെളിച്ചത്ത് കൊണ്ടുവരാന്‍ ചെയര്‍പേഴ്‌സണും കൂട്ടരും രംഗത്ത്. കെട്ടിട നിര്‍മാണ അനുമതിയിലെ അഴിമതി വിവാദമായതോടെ ഇത് സംബന്ധിച്ച ഫയല്‍ നഗരസഭ ഓഫിസില്‍നിന്ന് അപ്രത്യക്ഷമായി.മുന്‍ ചെയര്‍മാന്‍ എ സുരേഷ് കുമാറിന്റെ കാലത്താണ് ശ്രീവല്‍സം ജൂവലറിക്ക് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം റിങ്‌റോഡിന് വശത്തെ വയലില്‍ കെട്ടിടം നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇത് അനധികൃതമാണെന്നും അഴിമതിയുണ്ടെന്നും അന്നേ പരാതി ഉയര്‍ന്നിരുന്നു. വയല്‍ നികത്തി കെട്ടിടം നിര്‍മിക്കുന്നതിന് 2006ലെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് രേഖയുണ്ടാക്കിയാണ് അന്ന് അനുമതി നല്‍കിയത്. പിന്നീട് 2008ല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍, ഇതെല്ലാം                മറികടന്നാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത്.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നഗരസഭ ഓഫിസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. എന്‍ജിനീയറിങ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥയില്‍നിന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഫയല്‍ പരിശോധിക്കാനായി വാങ്ങിയെന്ന് പറയുന്നു. പിന്നീട് ചെയര്‍പേഴ്‌സണ്‍ സൂക്ഷിച്ച അലമാരയില്‍നിന്നാണ് ഫയല്‍ മോഷണം പോയതെന്ന് പറയുന്നത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ പോലിസില്‍ പരാതി നല്‍കിയതില്‍ കേസെടുത്തിട്ടുമുണ്ട്.ഇതിന് മുമ്പും നഗരസഭ ഓഫിസില്‍നിന്ന് ഫയല്‍ കാണാതായിട്ടുണ്ട്. ഇപ്പോള്‍ ഫയല്‍ കാണാതായ സംഭവത്തിന് പിന്നില്‍ പല ദുരൂഹതയാണ് നിഴലിക്കുന്നത്. ചെയര്‍പേഴ്‌സന്റെ ചേംബറില്‍ കടന്ന് മേശയും അലമാരയും തുറക്കാന്‍ സ്വാതന്ത്ര്യമുള്ള ജീവനക്കാര്‍ ഫയല്‍ കടത്തി കൊണ്ടുപോയി മുന്‍ ചെയര്‍മാന് നല്‍കിയെന്നാണ് ഒരു കൂട്ടര്‍ ആരോപിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതിലെ പിശകുകള്‍ തിരുത്താനാണ് എന്നാണ് ഇവരുടെ വാദം. കോണ്‍ഗ്രസ്സിലെ ധാരണ അനുസരിച്ച് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിന്റെ കാലാവധി കഴിയാറാവുന്നതോടെ രണ്ടാം ഊഴക്കാരിയായ, മുന്‍ ചെയര്‍മാന്റ ഭാര്യയുടെ അവസരം ഇല്ലാതാക്കാന്‍ ഉണ്ടാക്കിയ ആരോപണമാണ് ഇതെന്ന് എതിര്‍ കൂട്ടര്‍ പറയുന്നു. അതല്ല, ചെയര്‍പേഴ്‌സണ്‍ തന്നെ ഫയല്‍ മുക്കിയിട്ട് തടി രക്ഷിക്കാന്‍ പോലിസില്‍ പരാതി നല്‍കിയതാണെന്നും പറയുന്നുണ്ട്.എന്തായാലും കെട്ടിട നിര്‍മാണ അനുമതിയിലെ അഴിമതി വരും ദിവങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും. ഫയല്‍ കാണാതായ സംഭവത്തില്‍ ഇന്ന്്് പോലിസ് നഗരസഭ ഓഫിസിലെത്തി അന്വേഷണം തുടങ്ങും. മാസ്റ്റര്‍ പ്ലാന്‍ ഫയല്‍ കാണാതായി പിന്നീട് പ്രത്യക്ഷപ്പെട്ടപോലെ ഈ ഫയലും തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

RELATED STORIES

Share it
Top