ശ്രീലങ്ക: വിക്രമസിംഗെയ്ക്ക് പിന്തുണയുമായി സ്പീക്കര്‍

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗെയ്ക്കു പിന്തുണയുമായി പാര്‍ലമെന്റ് സ്പീക്കര്‍. വിക്രമസിംഗെയെ രാജ്യത്തിന്റെ ഔദ്യോഗിക പ്രധാനമന്ത്രിയായി സ്പീക്കര്‍ കാരു ജയസൂര്യ അംഗീകരിച്ചു. മറ്റൊരാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതു വരെ പ്രധാനമന്ത്രി എന്ന രീതിയിലുള്ള സുരക്ഷയും വിശേഷാധികാരങ്ങളും നിലനിര്‍ത്തണമെന്ന വിക്രമസിംഗെയുടെ ആവശ്യം ന്യായമാണെന്നും ജയസൂര്യ അറിയിച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
താങ്കളുടെ അപേക്ഷ ജനാധിപത്യപരവും ന്യായവുമാണെന്നു വിക്രമസിംഗെയ്ക്കു നല്‍കിയ കത്തില്‍ ജയസൂര്യ അറിയിച്ചു. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി അംഗമാണ് ജയസൂര്യ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) പാര്‍ട്ടി അപ്രതീക്ഷിതമായി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.
എന്നാല്‍, ഔദ്യോഗിക വസതിയൊഴിയില്ലെന്നു വിക്രമസിംഗെ നിലപാട് സ്വീകരിച്ചതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും ഔദ്യോഗിക വസതിയൊഴിയണമെന്നു തന്നെ നേരത്തേ അറിയിച്ചിരുന്നില്ലെന്നുമാണ് റെനില്‍ വിക്രമസിംഗെയുടെ നിലപാട്.
കോടതി സഹായത്തോടെ റെനില്‍ വിക്രമസിംഗെയെ പുറത്താക്കാനുള്ള നീക്കങ്ങളാണ് പോലിസ് ഇപ്പോള്‍ നടത്തുന്നതെന്നാണ് വിവരം. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് സംയമനം പാലിക്കണമെന്നു പാശ്ചാത്യ രാജ്യങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ക്കിടെയാണ് ശ്രീലങ്കയുടെ പുതിയ നീക്കം. ഇതിനു പിന്നാലെ വിക്രമസിംഗെയെ സിരിസേന സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. രാഷ്ട്രീയ നാടകങ്ങള്‍ കൂടുതല്‍ കലുഷിതമാവുന്നതിനിടെ സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top