ശ്രീലങ്ക: കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം

കൊളംബോ: ആഭ്യന്തര യുദ്ധകാലത്ത് ആയിരക്കണക്കിന് സിവിലിയന്‍മാരുടെ തിരോധാനത്തിന് കാരണമായ പോലിസ്, സൈനിക ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് തയ്യാറാവണമെന്ന് നിരീക്ഷക സംഘടനയായ ഓഫിസ് ഓഫ് മിസ്സിങ് പേഴ്‌സണ്‍സ്. 20,000ത്തിലധികം സാധാരണക്കാരെയാണ് ആഭ്യന്തര യുദ്ധകാലത്ത് സുരക്ഷാ സേനകള്‍ തട്ടിക്കൊണ്ടുപോയതായി കണക്കാക്കുന്നത്. 2009വരെ ഒരു ലക്ഷത്തോളം പേര്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികളായ ഉദ്യോഗസ്ഥരെ തുടരാനനുവദിക്കുകയും അവരെ ഉന്നത റാങ്കുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന നടപടി പ്രസിഡന്റ് മൈത്രിപാല സിരിസേന അവസാനിപ്പിക്കണമെന്ന് ഓഫിസ് ഓഫ് മിസ്സിങ് പേഴ്‌സണ്‍സ് (ഒഎംപി) ആവശ്യപ്പെട്ടു. കേസിലെ അന്തിമ വിധി പുറത്തുവരാത്ത സാഹചര്യത്തില്‍ അന്വേഷണവിധേയമായി സൈനികരും പോലിസുകാരും അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഒഎംപി കഴിഞ്ഞദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്തെ തിരോധാനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനാണ് ഓഫിസ് ഓഫ് മിസ്സിങ് പേഴ്‌സണ്‍സ് രൂപീകരിച്ചത്.
2008, 2009 കാലത്ത് 11 കുട്ടികളെ സൈന്യം കൊലപ്പെടുത്തിയത് മറച്ചുവച്ച സൈനിക മേധാവി അഡ്മിറല്‍ രവീന്ദ്ര വിജെഗുണരത്‌നയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ വാരം കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്തെ നാവിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ റാക്കറ്റിന്റെ ഭാഗമായി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തതായുള്ള ആരോപണവും പുറത്തുവന്നിരുന്നു. വിജെഗുണരത്‌നയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഒഎംപി ശുപാര്‍ശ ചെയ്യുണ്ട്.

RELATED STORIES

Share it
Top