ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്: ഇന്ത്യ അണ്ടര്‍ 19 ടീമിന് കൂറ്റന്‍ സ്‌കോര്‍ഹമ്പന്‍ടോട്ട: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് കൂറ്റന്‍ സ്‌കോര്‍. ആദ്യ ദിനം കളി പിരിയുമ്പോള്‍ 90 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. അഥര്‍വ തയ്ദ് (177), പവന്‍ ഷാ (177*) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഓപണര്‍ അനൂജ് റാവത്ത് (11) പെട്ടെന്ന് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലെ തായ്ദ് - പവന്‍ ഷാ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്താവുകയായിരുന്നു. തയ്ദ് 239 പന്തുകളില്‍ നിന്ന് 20 ഫോറും മൂന്ന് സിക്‌സറും പറത്തി സെഞ്ച്വറിയുമായി മടങ്ങുമ്പോള്‍ 283 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ പിറന്നിരുന്നു. 227 പന്തുകള്‍ നേരിട്ട് 19 ഫോറുകള്‍ ഉള്‍പ്പെടെയാണ് പവന്‍ ഷാ പുറത്താവാതെ നില്‍ക്കുന്നത്. നാലാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ (6) പെട്ടെന്ന് മടങ്ങിയെങ്കിലും ഒരുവശത്ത് നിലയുറച്ച് നിന്ന പവന്‍ ഷാ ആര്യന്‍ ജൂയലിനെ (41) കൂട്ടുപിടിച്ച് സ്‌കോര്‍ബോര്‍ഡ് 400 കടത്തുകയായിരുന്നു. സ്റ്റംപെടുക്കുമ്പോള്‍ പവന്‍ ഷായ്‌ക്കൊപ്പം നേഹല്‍ വദീരയാണ് (5)  ക്രീസില്‍.

RELATED STORIES

Share it
Top