ശ്രീലങ്കയ്ക്ക് നൂറു ദശലക്ഷം ഡോളര്‍ സഹായവുമായി ചൈന

കൊളംബോ: ശ്രീലങ്കയ്ക്ക് റോഡ് നിര്‍മാണത്തിന് ചൈന നൂറു ദശലക്ഷം ഡോളര്‍ സഹായം അനവദിച്ചു. തലസ്ഥാനമായ കോളംബോയില്‍ നിന്നു മലയോര വിനോദസഞ്ചാര കേന്ദ്രമായ കാന്‍ഡിയിലേക്ക് എക്‌സ്പ്രസ് വേ നിര്‍മിക്കാനാണ് ചൈന സഹായം അനുവദിച്ചിരിക്കുന്നത്. പാതയുടെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും ഫണ്ടിന്റെ അഭാവം മൂലം രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
ചൈന സഹായം നല്‍കുന്ന കാര്യം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു. ചൈനീസ് അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന വഴിയാണ് വായ്പ അനുവദിക്കുന്നത്.
ചൈനയുടെ സഹായം ഇന്ത്യക്കുള്ള പരോക്ഷമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു വര്‍ഷമായി ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാവ് ചൈനയാണ്. കഴിഞ്ഞ മഹിന്ദ രാജപക്‌സെ സര്‍ക്കാരിന്റെ കാലത്ത് റോഡ്, റെയില്‍വേ, തുറമുഖ വികസത്തിന് ചൈന വന്‍തോതില്‍ ധനസഹായം നല്‍കിയിരുന്നു. 2015ല്‍ വിക്രമസിംഗെ അധികാരത്തിലെത്തിയ ശേഷം അഴിമതിയുടെ പേരില്‍ ഇത്തരം പല കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍, വീണ്ടും ചര്‍ച്ചകള്‍ നടത്തി നിര്‍മാണജോലികള്‍ പുനരാരംഭിക്കുകയായിരുന്നു.
ദക്ഷിണ ശ്രീലങ്കയില്‍ നഷ്ടത്തിലായ തുറമുഖം കഴിഞ്ഞ ആഗസ്തില്‍ 1.1 ദശലക്ഷം ഡോളറിന് 99 വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിരുന്നു. ശ്രീലങ്കയില്‍ സ്വാധീനമുറപ്പിക്കുക വഴി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

RELATED STORIES

Share it
Top