ശ്രീലങ്കന്‍ പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടതായി സെക്രട്ടറി അറിയിച്ചു. മന്ത്രിസഭാ പുനസ്സംഘടന ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്‌ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് ആറു മന്ത്രിമാര്‍ വോട്ട് ചെയ്തിരുന്നു. പിന്നീട് ആറുപേരും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മെയ് എട്ടുവരെയാണ് പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടത്. എന്നാല്‍, എന്തു കാരണത്താലാണ് നടപടിയെന്നതില്‍ സെക്രട്ടറി പ്രതികരിച്ചിട്ടില്ല. പുതിയ മന്ത്രിസഭ ഈ മാസം 23ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിലവിലുള്ള എല്ലാ പാര്‍ലമെന്റ് കമ്മിറ്റികളും ഇതോടെ അസാധുവാകും. മന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നതോടെ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും.
പ്രധാനമന്ത്രിക്കെതിരേ വോട്ട് ചെയ്തത് സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) അംഗങ്ങളാണ്. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, രാജിവച്ച ആറ് എംഎല്‍എമാരും പ്രതിപക്ഷ നേതാവ് മഹിന്ദ രാജ്പക്‌സെയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top