ശ്രീമൂലനഗരം പഞ്ചായത്തില്‍ മണ്ണെടുപ്പ് വ്യാപകം; അധികൃതര്‍ ഉറക്കം നടിക്കുന്നു

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം, മനയ്ക്കപ്പടി, തിരുവൈരാണിക്കുളം പ്രദേശങ്ങളില്‍ വ്യാപകമായി മണ്ണെടുക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ ഉറക്കംനടിക്കുകയാണെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇഷ്ടികകളങ്ങളുടെ മറവിലാണ് അശാസ്ത്രീയമായ മണ്ണെടുപ്പ്. പഞ്ചായത്തിലൊരിടത്തും മണ്ണ് കുഴിച്ച് ഇഷ്ടികയുണ്ടാക്കുവാന്‍ അനുമതിയില്ല. എന്നാല്‍ ഒന്നോ രണ്ടോ ലോഡ് മണ്ണ് കുഴിച്ചെടുക്കുകയാണെന്നും ഇതുമൂലം പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏക്കര്‍ കണക്കിന് ഭൂമി കൈവശപ്പെടുത്തി റോഡരുകില്‍ വാഴകൃഷി ചെയ്ത് മണ്ണെടുപ്പ് ജനശ്രദ്ധയില്‍ വരാത്തവിധമാണ് മണ്ണ് ഖനനം.
ബന്ധപ്പെട്ട ഏജന്‍സികള്‍ ആവശ്യമായ പരിശോധന നടത്തുകയോ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നും വ്യാപക ആക്ഷേപമുണ്ട്. എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് ഭൂമി കുഴിക്കുന്നത്. മണ്ണെടുത്ത കുഴിയില്‍ ക്വാറിമാലിന്യവും മറ്റും കൊണ്ടുവന്നിട്ട് നികത്തുന്നതായും തദ്ദേശവാസികള്‍ പറയുന്നു. പഞ്ചായത്തിന്റെയോ മൈനിങ് ജിയോളജിയുടേയോ ലൈസന്‍സില്ലാതെയാണ് കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മണ്ണ് കുഴിച്ചെടുക്കുന്ന കളങ്ങള്‍ അടച്ച് പൂട്ടണമെന്നും പരിസ്ഥിതി സംരക്ഷണസമിതി ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയോരത്ത് ഇഷ്ടികയ്ക്കായി അളവില്ലാതെ മണ്ണെടുത്തതുമൂലം പെരിയാര്‍ ഗതിമാറിയൊഴുകിയതായ സംഭവമുണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top