ശ്രീനിപുരത്ത് കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

എരുമേലി: പോലിസുകാരന്‍ ഉള്‍പ്പെടെ കൊലപ്പെടുത്തിയതിനു ജയില്‍ ശിക്ഷ അനുഭവിച്ച എരുമേലി ശ്രീനിപുരം പതിനാലില്‍ത്താഴെ ഷാഹുല്‍ ഹമീദ് (55) എന്ന കുതിര ഷാഹുലിനെ കഞ്ചാവ് കൈവശം വച്ചതിനു പോലിസിന്റെ സഹായത്തോടെ എക്‌സൈസ് സംഘം പിടികൂടി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഷാഹുലിന്റെ വീട്ടില്‍ രഹസ്യ സ്ഥലത്തു കഞ്ചാവു ശേഖരിച്ചു വച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് കോട്ടയം സ്‌പെഷ്യല്‍ സ്‌ക്വാഡ് എത്തിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഷാഹുലിനെ എക്‌സൈസുകാര്‍ പിടികൂടിയപ്പോള്‍ നാട്ടുകാരില്‍ ചിലരെത്തി. ഇവരില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധമുള്ളവര്‍ ഷാഹുലിന്റെ സഹായത്തിനെത്തിയതോടെ സംഘര്‍ഷമായി. ഷാഹുലിനെ എക്‌സൈസ് സംഘം പിടികൂടിയെങ്കിലും ഇവര്‍ ബലമായി മോചിപ്പിച്ചു. ഇതിനിടെ പിച്ചാത്തി വീശി ഉദ്യോഗസ്ഥരെ ഷാഹുല്‍ തടയുകയും ചെയ്തു. ഷാഹുലിന്റെ വീട് പരിശോധിക്കാന്‍ എക്‌സൈസുകാരെ അനുവദിച്ചില്ല. പിന്മാറിയ എക്‌സൈസ് സംഘം തുടര്‍ന്ന് എരുമേലി പോലിസുമായി എത്തുകയായിരുന്നു.
എക്‌സൈസുകാരെ തടഞ്ഞവര്‍ പോലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ചെറുത്തുനിന്ന ഷാഹുലിനെ പോലിസുകാര്‍ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി വിലങ്ങണിയിച്ചു പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷാഹുലിനെ എക്‌സൈസ് സംഘത്തിനു കൈമാറി. ഷാഹുലിന്റെ കൈവശമുണ്ടായിരുന്ന 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തെ തടഞ്ഞവര്‍ക്കെതിരേ കേസ് എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശ്രീനിപുരം സ്വദേശി വയലുങ്കല്‍ ലൈജുവിനെ കഴിഞ്ഞ ദിവസമാണ് ഒന്നരക്കിലോ കഞ്ചാവുമായി റാന്നി സ്വദേശിക്കൊപ്പം പോലിസ് പിടികൂടിയത്.
ശ്രീനിപുരം സ്വദേശി മലമ്പാറക്കല്‍ ശ്രീജേഷിനെയും കഞ്ചാവുമായി കഴിഞ്ഞയിടെ പിടികൂടിയിരുന്നു. നിരവധി യുവാക്കള്‍ ശ്രീനിപുരത്ത് കഞ്ചാവ് ഉപയോഗത്തിന് അടിമകളായിട്ടുണ്ട്. ഇവരില്‍ പലരും വില്‍പ്പനക്കാരുമാണ്. എക്‌സൈസും പോലിസും സംയുക്തമായി ശ്രമിച്ചാല്‍ ശ്രീനിപുരത്തെ കഞ്ചാവ് ലോബിയെ തളക്കാനാവും.

RELATED STORIES

Share it
Top