ശ്രീദേവി മരിച്ചത് ബാത്ത്ടബ്ബില്‍ മുങ്ങി

കബീര്‍  എടവണ്ണ

ദുബയ്: പ്രമുഖ ബോളിവുഡ് താരം ശ്രീദേവി മരിച്ചത് വെള്ളത്തില്‍ മുങ്ങിയാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ദുബയ് പോലിസിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നു. ബോധരഹിതയായി വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടിലെ നിഗമനം.
എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലാണ് ശ്രീദേവി താമസിച്ചിരുന്നത്. ഹോട്ടലിലെ കുളിമുറിയിലുള്ള ബാത്ത്ടബ്ബിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. ഇതിനു പിന്നാലെ, കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന വിശദീകരണവും വന്നിരുന്നു. ഹൃദയാഘാതം മൂലമോ മറ്റോ മയങ്ങിവീണ് ടബ്ബില്‍ മുങ്ങിപ്പോവുകയായിരുന്നു എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ബര്‍ ദുബയ് പോലിസിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്നലെ ഉച്ചയോടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം പോലിസ് ദുബയ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയശേഷമായിരിക്കും മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാന്‍ അനുവദിക്കുക.
അതേസമയം, മരണവുമായി ബന്ധപ്പെട്ട് ബോണി കപൂറിന്റെ മൊഴിയെടുത്തതായി റിപോര്‍ട്ടുണ്ട്. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയിലാണ് മൊഴിയെടുത്തത്. ബാത്ത്ടബ്ബില്‍ വീണുകിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവും ചെറിയ മകള്‍ ഖുഷിയും യുഎഇയില്‍ എത്തിയിരുന്നത്.

RELATED STORIES

Share it
Top