ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

വരാപ്പുഴ: പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ഇന്നലെ സിപിഎം വരാപ്പുഴയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്.
പറവൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയിട്ടും ശ്രീജിത്തിന്റെ വീട്ടില്‍ പോവാതിരുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ വൈകീട്ടോടെ ശ്രീജിത്തിന്റെ വീട്ടില്‍ എത്തിയത്. ശ്രീജിത്ത് നിരപരാധിയാണെന്നും വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതുമുതല്‍ പോലിസുകാര്‍ ശ്രീജിത്തിനെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്രീജിത്തിന്റെ പിതാവും മാതാവും ഭാര്യയും കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞു.
നിരപരാധിയാണെന്ന് ശ്രീജിത്ത് പോലിസുകാരോട് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ലെന്നും കുടുംബം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും സര്‍ക്കാര്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് അവര്‍ എത്ര ഉന്നതരായാലും അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും ഉറപ്പു നല്‍കിയാണ് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയത്. വേട്ടക്കാര്‍ക്കൊപ്പമല്ല സിപിഎം എന്നും ഇരകള്‍ക്കൊപ്പമാണെന്നും എത്ര ഉന്നതരായാലായും അവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി  പറഞ്ഞു . മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രി  ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും കോടിയേരി  പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്് അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, വരാപ്പുഴയില്‍ വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീട്ടിലും കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. വാസുദേവന്റെ കുടുംബാംഗങ്ങളില്‍ നിന്നും കോടിയേരി ബാലകൃഷ്ണന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

RELATED STORIES

Share it
Top