ശ്രീജിത്തിന്റെ മരണകാരണം അടിവയറ്റിലേറ്റ മര്‍ദനം

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപോര്‍ട്ട് അന്വേഷണസംഘത്തിനു സമര്‍പ്പിച്ചു. ശ്രീജിത്തിന്റെ മരണകാരണം അടിവയറ്റിലേറ്റ മര്‍ദനമാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഐജി എസ് ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
മെഡിക്കല്‍ ബോര്‍ഡിന്റെ മുമ്പാകെ പ്രത്യേക അന്വേഷണ സംഘത്തലന്‍ എസ് ശ്രീജിത്തിന്റെ പ്രധാന ചോദ്യം ശ്രീജിത്തിന്റെ മരണകാരണം എന്തായിരുന്നുവെന്നും അത് എവിടെ വച്ചാണെന്നുമായിരുന്നു. ഇതിനുത്തരമായിട്ടാണ് ശ്രീജിത്തിന്റെ അടിവയറ്റിലേറ്റ ക്ഷതമാണ് മരണകാരണമെന്ന്് മെഡിക്കല്‍ ബോര്‍ഡ് ഉത്തരം നല്‍കിയത്. ഇത്തരത്തില്‍ മര്‍ദനമേറ്റാല്‍ പരമാവധി ആറു മണിക്കൂര്‍ വരെയേ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കൂവെന്നും മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട്് നല്‍കിയതായാണ് വിവരം.
ആറിന് രാത്രിയിലാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്നത്. ഏഴിന് പുലര്‍ച്ചെ മുതല്‍ ശ്രീജിത്തിന് ശക്തമായ വയറുവേദന ഉണ്ടാവുകയും ഛര്‍ദിക്കുകയും ചെയ്്തു. അതിനര്‍ഥം ശ്രീജിത്തിന്റെ മരണ കാരണമായ മര്‍ദനം ഏറ്റത് പോലിസ് കസ്റ്റഡിയിലാണെന്നാണ്. പ്രാഥമിക ഘട്ടത്തില്‍ ശരിയായ ചികില്‍സ കിട്ടിയിരുന്നുവെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ ഉള്ളതായാണ് വിവരം. മര്‍ദനത്തില്‍ ശ്രീജിത്തിന്റെ കുടല്‍ മുറിഞ്ഞുപോയ വിവരം പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, ശ്രീജിത്ത് കഴിച്ച ഭക്ഷണം കുടലിലെ മുറിഞ്ഞ ഭാഗം വഴി വയറിന്റെ മറ്റു ഭാഗങ്ങളിലേക്ക് വരുകയും അത് അണുബാധയക്ക് കാരണമാവുകയും ചെയ്തു. ശ്രീജിത്തിന്റെ നില ഗുരുതരമായതിനു ശേഷമാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വന്ന വിവരം.
മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപോര്‍ട്ട് മൂന്നു ദിവസത്തിനകം നല്‍കും. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ ചോദ്യാവലിക്കുള്ള ഉത്തരം അടങ്ങുന്ന പ്രാഥമിക റിപോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. ശ്രീജിത്തിന്റെ ശരീരത്തിലും ആന്തരികാവയവങ്ങളിലുമുള്ള ക്ഷതങ്ങള്‍ സംബന്ധിച്ചും അസുഖം സംബന്ധിച്ചുമുള്ള സംശയങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്. ഇതില്‍ ചില ചോദ്യങ്ങള്‍ക്കു മാത്രമാണ് പ്രാഥമിക റിപോര്‍ട്ടില്‍ മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം, അന്വേഷണ സംഘത്തിന്റെ നടപടികളെല്ലാം നിയമാനുസൃതമാണെന്ന് ഐജി എസ് ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടു ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപോര്‍ട്ട് ലഭിക്കുമെന്നും ഐജി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരണത്തിനെതിരെ ഫോറന്‍സിക് അസോസിയേഷന്‍ രംഗത്തു വന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഐജിയുടെ പ്രതികരണം.

RELATED STORIES

Share it
Top