ശ്രീജിത്തിന്റെ മരണം: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണം

കോഴിക്കോട്: നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പോലിസുദ്യോഗസ്ഥരേയും ഇതിനു നിര്‍ദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥന്മാരുടേയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
നീതിപാലകരാകേണ്ട പോലിസ് ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവൃത്തികള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിച്ചു ശിക്ഷിക്കണമെന്നും ലോക്കപ്പ് മര്‍ദനങ്ങളില്‍ ദാരുണമായി കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനു നല്‍കുന്ന നഷ്ടപരിഹാരത്തുക ഇവരോടു ഈടാക്കണമെന്നും യോഗം ഐക്യകണ്‌ഠ്യേന ആവശ്യപ്പെട്ടു.
ലോക്കപ്പുകളില്‍ സ്ഥാപിക്കുവാന്‍ പോകുന്ന സിസിടിവി പോലിസ് സ്‌റ്റേഷനകത്തും  കാണത്തക്ക വിധത്തിലുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എ അഡ്വ. എം കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ കെ ജയകുമാര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: അഡ്വ. എ കെ ജയകുമാര്‍(പ്രസി), ടി എ അസീസ്, എം എ സത്താര്‍, പി കെ ശശീധരന്‍(വൈസ് പ്രസിഡന്റുമാര്‍), പി ആര്‍ സുനില്‍സിങ്(ജന. സെക്രട്ടറി), എം എസ് മെഹബൂബ്, മോഹന്‍ പറയഞ്ചേരി, പീടികക്കണ്ടി മുരളികുമാര്‍(സെക്രട്ടറിമാര്‍), ഇ ബേബി വാസന്‍(ഖജാഞ്ചി).

RELATED STORIES

Share it
Top