ശ്രീജിത്തിന്റെ മരണം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം ആര്‍ടിഎഫ് പോലിസുകാരന്റെ ഫോണ്‍ സംഭാഷണം പുറത്ത്‌

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റൂറല്‍ ടാസ്‌ക് ഫോഴ്‌സ് (ആര്‍ടിഎഫ്) പോലിസുകാരുടെ തലയില്‍ കെട്ടിവച്ച് ലോക്കല്‍ പോലിസിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം. ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് പോലിസ് സംഘത്തിലുണ്ടായിരുന്ന സന്തോഷിന്റെ  ഫോണ്‍ ശബ്ദരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രീജിത്തിന്റെ മരണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന നിലപാടിലാണു പോലിസ് കോണ്‍സ്റ്റബിള്‍മാര്‍. സഹോദരന്‍ ബേസിലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സന്തോഷ് ഇക്കാര്യം പറയുന്നത്.
ശ്രീജിത്തിനെ ഉള്‍പ്പെടെ വീട്ടില്‍ നിന്നും പിടിച്ച ശേഷം ഉടന്‍ തന്നെ തങ്ങള്‍ പോലിസ് വണ്ടിയില്‍ കയറ്റി വിട്ടുവെന്നു സന്തോഷ്് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. മൂന്നോ, നാലോ മിനിറ്റു മാത്രമെ എടുത്തുള്ളൂ. ശ്രീജിത്തിന്റെ അമ്മയും ഭാര്യ—ക്കും തങ്ങളെ മാത്രമല്ലേ അറിയാവൂ. പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ട് കൃത്യമായ നടപടിക്രമങ്ങള്‍ പോലിസ് പാലിച്ചില്ലെന്നാണു തോന്നുന്നത്- സന്തോഷ് പറയുന്നു.
സ്‌റ്റേഷനിലിട്ട്് ശ്രീജിത്തിനെ തല്ലിക്കാണും. വയറ്റില്‍ എന്തോ ക്ഷതം ഏറ്റതിനെ തുടര്‍ന്ന് അണുബാധ ഉണ്ടായെന്നൊക്കെയാണു പറയുന്നത്. ലോക്കല്‍ പോലിസ് തങ്ങളുടെ തലയില്‍ വയ്ക്കാനേ നോക്കുകയുള്ളൂ. തങ്ങള്‍ക്കു വേണ്ടി ആരു പറയാനാണ്. സംഭവം തങ്ങള്‍ മൂന്നു പേരുടെയും തലയില്‍ വയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായിട്ടാണു തങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്നും സന്തോഷ് പറയുന്നു. തങ്ങള്‍ അറസ്റ്റ് ചെയ്തതിനുള്ള ദൃക്‌സാക്ഷിയെയൊക്കെ അവരുണ്ടാക്കുമെന്നും സന്തോഷ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സന്തോഷ് അടക്കമുള്ള മൂന്നു പോലിസുകാരുടെ തലയില്‍ ശ്രീജിത്തിന്റെ മരണം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സഹോദരന്‍ ബേസില്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

RELATED STORIES

Share it
Top