ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്‌

വരാപ്പുഴ: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനു വീണ്ടും ഭീഷണിക്കത്ത്. പോലിസ് അന്വേഷണം ആരംഭിച്ചു. നേരത്തെ അയച്ച കത്തിലെ പോലെ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സുകാര്‍ക്കെതിരേയുള്ള പരാതി പിന്‍വലിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം റൂറല്‍ ഷാഡോ സ്‌ക്വാഡ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.
തങ്ങളുടെ വേണ്ടപ്പെട്ടവരായ ടൈഗര്‍ സ്‌ക്വാഡിലെ മൂന്നു പോലിസുകാര്‍ക്കെതിരേ കൊടുത്ത പരാതി മാത്രം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതായിരിക്കും അവസ്ഥയെന്നും കത്തില്‍ പറയുന്നു. തങ്ങളെക്കുറിച്ചും തങ്ങള്‍ക്കെതിരേ പരാതി നല്‍കിയവരുടെ അവസ്ഥയെക്കുറിച്ചും തിരുവനന്തപുരത്ത് വന്ന് തിരക്കിയാല്‍ അറിയാന്‍ കഴിയുമെന്നും തങ്ങളെ എതിര്‍ത്തവരെയെല്ലാം കെട്ടിത്തൂക്കും ഉരുട്ടലും മുളകുപൊടി പ്രയോഗവും തേങ്ങയും ഉണ്ടക്കല്ലു കൊണ്ടുള്ള ഇടിയും കൊടുത്തു ജീവച്ഛവമാക്കിയാണു തങ്ങള്‍ വിട്ടിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.
മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളോടു കളിക്കാന്‍ നോക്കേണ്ട. തങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ നിങ്ങള്‍ക്ക് എന്തു സഹായവും ചെയ്തുതരും. മറിച്ച് ഈ കത്ത് പുറത്ത് കാണിച്ചാല്‍ ടൈഗര്‍ സ്‌ക്വാഡ് പിരിച്ചുവിട്ടെങ്കിലും കേരളത്തിലെ ബാക്കി ജില്ലകളില്‍ സ്‌ക്വാഡുകാര്‍ ഉള്ളകാര്യം ഓര്‍മ വേണമെന്ന മുന്നറിയിപ്പും നല്‍കിയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top