ശ്രീജിത്തിന്റെ കുടുംബത്തിനെ ഒഴിവാക്കി കൊച്ചിയിലൂടെ മുഖ്യമന്ത്രി പറന്നു

കൊച്ചി: വിവിധ പരിപാടികള്‍ക്കായി ഒരു ദിവസം മുഴുവന്‍ കൊച്ചിയില്‍ തങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചില്ല. നോര്‍ത്ത് പറവൂരില്‍ എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രി വരാപ്പുഴ വഴി ഒഴിവാക്കി വളഞ്ഞ് ചുറ്റി പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
മുഖ്യമന്ത്രി കൊച്ചിയിലെത്തുന്നുണ്ടെന്ന് അറിഞ്ഞ ശ്രീജിത്തിന്റെ കുടുംബം മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വരാപ്പുഴ വഴിയുള്ള യാത്ര പോലും ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ ചാനലുകളില്‍ വന്ന് തുടങ്ങിയതോടെ ശ്രീജിത്തിന്റെ അമ്മയുള്‍പ്പെടെയുള്ളവര്‍ നിരാശയിലായി. തങ്ങള്‍ ഒരു പാര്‍ട്ടിയുടെയും അംഗങ്ങളല്ല. മുഖ്യമന്ത്രി വീട്ടില്‍ വരുമെന്ന് കരുതി. സന്ദര്‍ശനം ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്ന് അമ്മ ശ്യാമള പറഞ്ഞു. ഇന്നലെ നാലു പരിപാടികളായിരുന്നു കൊച്ചിയില്‍ മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതിലൊന്നായിരുന്നു വടക്കന്‍ പറവൂരിലേത്. പറവൂരിലേക്കു പോവുന്നതിന് കൊച്ചിയില്‍നിന്നു വരാപ്പുഴ വഴിയില്‍ എളുപ്പം ചെല്ലാമായിരുന്നു.
എന്നാല്‍, വൈപ്പിനില്‍നിന്നാണു മുഖ്യമന്ത്രി പറവൂരിലേക്കു പോയത്. ഇതിനിടെ കസ്റ്റഡില്‍ കൊലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിനുള്ള നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ഭാര്യക്ക് ജോലി നല്‍കണമെന്നും സിപിഐ(എം) ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഉടന്‍ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top