ശ്രീജിത്തിന്റെ കസ്റ്റഡിമരണം: പോലിസുകാര്‍ റിമാന്‍ഡില്‍

പറവൂര്‍: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ മൂന്ന് പോലിസുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായിരുന്ന സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നീ പോലിസുകാരെയാണ് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-3 രാമു രമേഷ് ചന്ദ്രഭാനു റിമാന്‍ഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്‍ടിഎഫ് അംഗങ്ങള്‍ നടത്തിയ  മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമായതെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്തത് മുതല്‍ ജീപ്പില്‍ കയറ്റുന്നത് വരെ ശ്രീജിത്തിനെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ മര്‍ദിച്ചുവെന്ന് സാക്ഷിമൊഴികളില്‍ നിന്നും മറ്റു ശാസ്ത്രീയ പരിശോധനകളില്‍ നിന്നും വ്യക്തമാണ്. പ്രതികള്‍ പോലിസുദ്യോഗസ്ഥരായതിനാലും ഉന്നത സ്വാധീനമുള്ളതിനാലും ഇവര്‍ പുറത്തുവന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസിലെ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കുമെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍ വന്‍ ജനാവലിയാണ് പറവൂര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെ ഹാജരാക്കുമെന്നായിരുന്നു വിവരമെങ്കിലും കോടതിസമയം കഴിഞ്ഞതിനുശേഷം വൈകീട്ട് ആറോടെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികളില്‍ നിന്നു മജിസ്‌ട്രേറ്റ് വിശദമായ മൊഴിയെടുത്തു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരം വീടാക്രമണക്കേസിലെ പ്രതികളെ പിടികൂടി ലോക്കല്‍ പോലിസിനെ ഏല്‍പ്പിക്കുക എന്നതു മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഇവര്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്.
വീടാക്രമണക്കേസിലെ പ്രതികള്‍ ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യത്തില്‍ തങ്ങളെ അങ്ങോട്ടേക്ക് അയക്കരുതെന്ന് പ്രതികള്‍ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് രാത്രി എട്ടേമുക്കാലോടെ പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top